Celebrities

കനി എല്ലാത്തിലും സഹകരിച്ചു; പറ്റുന്ന പ്രതിഫലം നല്‍കി; പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ബിരിയാണി സംവിധായകന്‍

കാന്‍ ചലച്ചിത്ര മേളയില്‍ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് കനി കുസൃതിയും ദിവ്യ പ്രഭയും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമയുമൊക്കെ. കാനില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കനി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പിന്നാലെ സിനിമയെ തേടി കാനിലെ ഏറ്റവും വിലപ്പെട്ട പുരസ്‌കാരങ്ങളിലൊന്ന് ലഭിക്കുകയും ചെയ്തു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ കാനില്‍ പുരസ്‌കാരം നേടുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം കാനില്‍ മത്സരിക്കുന്ന ഇന്ത്യന്‍ സിനിമയാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്. കാനും കനിയുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ബിരിയാണി എന്ന സിനിമയും ചര്‍ച്ചയായി മാറി.

കനിയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത സിനിമയാണ് ബിരിയാണി. ചിത്രത്തിലെ ഇസ്ലാം വിരുദ്ധതയാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ തന്നെ താന്‍ ബിരിയാണിയുടെ രാഷ്ട്രീയത്തോട് യോജിക്കുന്നില്ലെന്ന് കനി പറഞ്ഞിരുന്നു. കാനിന് പിന്നാലെ വീണ്ടും ബിരിയാണി ചര്‍ച്ചയാകുമ്പോഴും കനി ഇതാവര്‍ത്തിക്കുകയുണ്ടായി. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിരിയാണിയുടെ സംവിധായകന്‍ സജിന്‍ ബാബു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

കുറെ കാലം മുന്നേ ബിരിയാണി എന്ന സിനിമ ഞാന്‍ എഴുതി സംവിധാനം ചെയ്തതാണ്. അതിന്റെ രാഷ്ട്രീയവും, കാഴ്ചപ്പാടും എല്ലാം എന്റേതാണ്. അത് അത് ആദ്യമായി പ്രദര്‍ശിപ്പിച്ച ഇറ്റലിയിലെ ഫെസ്റ്റിവലില്‍ ബെസ്റ്റ് സിനിമക്കുള്ള അവാര്‍ഡ് ഉത്പ്പടെ ദേശീയ അവാര്‍ഡും,സംസ്ഥാന പുരസ്‌ക്കാരവും നിരവധി അന്താരാഷ്ട പുരസ്‌ക്കാരങ്ങളും, അംഗീകാരങ്ങളും, അഭിനന്ദനങ്ങളും എല്ലാം കിട്ടിയിരുന്നു. സിനിമയുടെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലാകുകയും, അല്ലാത്തവര്‍ എന്നോട് ചോദിക്കുമ്പോള്‍ എനിക്കുള്ള മറുപടിയും ഞാന്‍ അന്നേ കൊടുത്തിരുന്നു. ഇപ്പോഴും അതിന് വ്യക്തതമായതും ഞാന്‍ നേരിട്ടതും, ജീവിച്ചതും,അനുഭവിച്ചതും ആയ ജീവിതാനുഭവം കൊണ്ടുള്ള മുറുപടി എനിക്ക് ഉണ്ട് താനും. ഞാനും എന്റെ കുടെ വര്‍ക്ക് ചെയത സുഹൃത്തുക്കള്‍ അടങ്ങിയ ക്രൂവും, വളരെ ചെറിയ പൈസയില്‍ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്.

ആ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്ത കനി നമ്മുടെ അന്നത്തെ ബഡ്ജറ്റിനനുസരിച്ച് ഞങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന പ്രതിഫലം കൊടുക്കുകയും അത് സന്തോഷത്തോടെ അവര്‍ അത് വാങ്ങിയതുമാണ്. ആ ചിത്രത്തിന്റെ പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അവര്‍ സഹകരിച്ചിട്ടുമുണ്ട്. ആ സിനിമ ചിത്രീകരണം നടക്കുമ്പോഴും, ഇപ്പോഴും വ്യക്തിപരമായി യാതൊരു വിധ പ്രശ്‌നങ്ങളും ഞാനും കനിയും തമ്മില്‍ ഇല്ല എന്ന് മാത്രമല്ല, എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ ഒരു പ്രശ്‌നവും ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇതിനക്കാലൊക്കെ വലുത് ഒരു ഇന്ത്യന്‍ സിനിമ മുപ്പത് കൊല്ലത്തിന് ശേഷം മെയിന്‍ കോമ്പറ്റിഷനില്‍ മത്സരിച്ച് ആദ്യമായി ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് നേടി എന്നതാണ്. ഇത്രയും കാലത്തിനിടക്ക് ബിരിയാണിയെ കുറിച്ച് അധികം ചര്‍ച്ച ചെയ്യാത്തവര്‍ കാനില്‍ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാന്‍ വേണ്ടി ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ബിരിയാണിക്ക് മുമ്പും, ഞാന്‍ ചെയ്ത സിനിമളില്‍ രാഷ്ട്രീയം ഉണ്ട്. അതിന് ശേഷം ചെയ്ത ”തിയറ്റര്‍ ‘ എന്ന റിലീസ് ആകാന്‍ പോകുന്ന സിനിമയിലും വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്ന് പറഞ്ഞ്‌കൊണ്ട് നിര്‍ത്തുന്നു. ഇത് ഇന്ന് രാവിലെ മുതല്‍ എന്നെ വിളിക്കുന്നവരോടുള്ള മറുപടിയാണ്.