മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററും മുൻ താരവുമായ ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ചുമതലയേറ്റെടുക്കാൻ ധാരണയായതായി റിപ്പോർട്ടുകൾ. മെന്ററായി പ്രഥമ സീസണിൽ തന്നെ കൊൽക്കത്ത ടീമിനെ ഗംഭീർ കിരീടത്തിലെത്തിച്ചിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായതിന് ശേഷമാണ് ബിസിസിഐ സെക്രട്ടറി ആവശ്യവുമായി ഗംഭീറിനെ സമീപിച്ചത്. ഇത് നമുക്ക് രാജ്യത്തിന് വേണ്ടി ചെയ്യണമെന്നാണ് ജയ് ഷാ ഗംഭീറിനോട് പറഞ്ഞത്. ഐ.പി.എൽ ഫൈനലിനു പിന്നാലെ ചെന്നൈയിൽ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുമായി ഒരു മണിക്കൂറോളമാണ് ഗംഭീർ ചർച്ച നടത്തിയത്.
പരിശീലക സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തിനും താൽപര്യമുണ്ട്. എന്നാൽ ഗംഭീർ കൊൽക്കത്തയുടെ മെന്റർ സ്ഥാനം ഒഴിയരുതെന്ന് ടീം ഉടമ ഷാറൂഖ് ഖാൻ അഭ്യർഥിച്ചിട്ടുണ്ട്. പത്തു വർഷത്തേക്കു ടീമിൽ തുടരാമെന്ന ഓഫർ നൽകിയ ഷാറുഖ്, അദ്ദേഹത്തിന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുനൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം, ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചുകൊണ്ട് ബി.സി.സി.ഐ നൽകിയ ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകിയത് 3400 പേരാണ്. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാന്റേയും പേരിൽപോലും വ്യാജ അപേക്ഷകളെത്തിയതോടെ ബി.സി.സി.ഐ വെട്ടിലായി. ഇതിന് പുറമെ സച്ചിൻ ടെണ്ടുൽക്കറിന്റേയും വിരേന്ദ്രർ സേവാഗിന്റേയും എം.എസ് ധോണിയുടേയും പേരിലും വ്യാജ അപേക്ഷകളെത്തി. സൂക്ഷ്മ പരിശോധനക്ക് ശേഷമാകും ബി.സി.സി.ഐ അന്തിമ പട്ടികയിലേക്കെത്തുക. ആരൊക്കെയാണ് അപേക്ഷിച്ചവരെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ബോർഡ് ഇതുവരെ തയാറായിട്ടില്ല.
നേരത്തെ ഓസീസ് മുൻ താരങ്ങളായ റിക്കി പോണ്ടിങ്, ജസ്റ്റിൻ ലാംഗർ എന്നിവരെയും ന്യൂസിലാൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്‌ളെമിങ് എന്നിവരെയും പരിഗണിച്ചിരുന്നെങ്കിലും ഇവർ താൽപര്യമില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ വിദേശ പരിശീലകരെ പരിഗണിക്കുന്നില്ലെന്ന നിലപാടുമായി ജയ്ഷാ രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് ധാരണയുള്ളവരെയാകും പരിഗണിക്കുകയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വരുന്ന ട്വന്റി 20 ലോകകപ്പോടെ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയും.