മഡ്രിഡ്: ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് യൂറോപ്യൻ രാജ്യങ്ങളായ സ്പെയിനും നോർവേയും അയർലൻഡും. ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ, ഐക്യരാഷ്ട്ര സഭയുടെ 193 അംഗങ്ങളിൽ ഫലസ്തീൻ രാജ്യത്തിന് അംഗീകാരം നൽകിയ രാജ്യങ്ങളുടെ എണ്ണം 146 ആയി.
പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള ഒരേയൊരു മാർഗം ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുക മാത്രമാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ചരിത്രപരമായ നീതിയാണ് നടപ്പായതെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന് രാഷ്ട്രമായി അംഗീകാരം നൽകുമെന്ന് സ്പെയിനും നോർവേയും അയർലൻഡും കഴിഞ്ഞയാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ഫലസ്തീനിലും ഇസ്രായേലിലും സമാധാനം പുന:സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് സ്പാനിഷ് സർക്കാർ വക്താവ് പിലാർ അലേഗ്ര്യ പറഞ്ഞു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിന്‍റെ ഭാഗമായി ഐറിഷ് പാർലമെന്‍റിന് പുറത്ത് ഫലസ്തീൻ പതാക ഉയർത്തി.
പശ്ചിമേഷ്യയിൽ സമാധാനം പുലരണമെങ്കിൽ ഫലസ്തീന് രാഷ്ട്രമായി അംഗീകാരം വേണമെന്ന് നേരത്തെ നോർവേ പ്രധാനമന്ത്രി ജോനസ് ഗഹ്ർ സ്റ്റോർ പ്രസ്താവിച്ചിരുന്നു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതോടെ പശ്ചിമേഷ്യൻ സമാധാന പദ്ധതിയെ കൂടിയാണ് പിന്തുണക്കുന്നതെന്നും നോർവേ വ്യക്തമാക്കി.