ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ മകൻ ഉദയ്നിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാവും. നിലവിൽ ഉദയ്നിധി സ്റ്റാലിൻ കായിക- യുവജനക്ഷേമ മന്ത്രിയും ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയുമാണ്.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം പുതിയ പദവിയിൽ അവരോധിക്കാനാണ് തീരുമാനം. ജൂൺ രണ്ടാം വാരത്തിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഉദയനിധി സ്റ്റാലിനെ സംസ്ഥാന ഉപമുഖ്യമന്ത്രിയായി നിയമിച്ചേക്കും.
ഫെബ്രുവരി രണ്ടാം വാരത്തിലാണ് തമിഴ്‌നാട് നിയമസഭ അവസാനമായി ചേർന്നത്. റവന്യൂ മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രനെയും ടെക്സ്റ്റൈൽ, കൈത്തറി മന്ത്രി ആർ ഗാന്ധിയെയും മാറ്റി സംസ്ഥാന മന്ത്രിസഭയിൽ ചെറിയൊരു പുനഃക്രമീകരണം നടന്നേക്കും.
എഐഎഡിഎംകെയുടെ ശക്തികേന്ദ്രമായ സേലം ജില്ലയിലെ ഏക ഡിഎംകെ എംഎൽഎ പനമരത്തുപട്ടി രാജേന്ദ്രന് ക്യാബിനറ്റ് സ്ഥാനം നൽകും. മന്ത്രിസഭയിൽ നിന്ന് പുറത്താകുന്ന രണ്ട് മന്ത്രിമാർക്ക് പകരക്കാരുണ്ടാകുമോ എന്നറിയില്ല.
2006-’11 കാലയളവിൽ അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി മകൻ സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു. അന്ന് തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു സ്റ്റാലിൻ. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന നടപടി സംഘടനതലത്തിലും ഭരണത്തിലും സ്റ്റാലിന്റെ പിൻഗാമി ഉദയ്നിധിയാണെന്ന് പരോക്ഷ പ്രഖ്യാപനം നടത്തുന്നതിന് തുല്യമാണ്.