കൊച്ചി: മൂന്നാർ മേഖലയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകളിലെ നടപടികളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി അന്വേഷണം സിബിഐയ്ക്കു കൈമാറേണ്ടി വരുമെന്നു മുന്നറിയിപ്പ് നൽകി. പൊലീസും വിജിലൻസും റജിസ്റ്റർ ചെയ്ത് കേസുകളിൽ നടപടി വൈകുന്നതാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിമർശനത്തിനിടയാക്കിയത്. മൂന്നാർ മേഖലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയുൾപ്പെടെ നൽകിയ ഹർജികളാണു ജസ്റ്റിസ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
മൂന്നാറിൽ കയ്യേറ്റവുമായി ബന്ധപ്പെട്ടു നൂറുകണക്കിനു കേസുകൾ റജിസ്റ്റർ ചെയ്തെങ്കിലും ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ മാത്രമാണു ചുമത്തിയതെന്നു കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടില്ല. പ്രധാന പ്രതികളെന്നു കണ്ടെത്തിയവർക്കെതിരെപ്പോലും ശക്തമായ നടപടിയുണ്ടായില്ല.
കേസുകളിൽ അന്തിമ റിപ്പോർട്ട് നൽകാൻ ഏറെ കാലതാമസമുണ്ടായ സംഭവങ്ങളും തിരിച്ചടി നേരിട്ട സന്ദർഭങ്ങളിൽ അപ്പീൽ നൽകാത്തതും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ പരാജയപ്പെട്ട കേസുകളുടെ വിധിപ്പകർപ്പ് ഹാജരാക്കാൻ കോടതി നിർദേശിച്ചു. ഇന്ന് ഹർജികൾ പരിഗണിക്കുമ്പോൾ സിബിഐ അന്വേഷണത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും കോടതി പറഞ്ഞു.