Kerala

സംസ്ഥാനത്ത് കാലവർഷം നാല് ദിവസത്തിനുള്ളിൽ; തീവ്രമഴയ്ക്കു സാധ്യത

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം നാല് ദിവസത്തിനുള്ളിൽ എത്തിയേക്കുമെന്നു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റ സ്വാധീന ഫലമായി അടുത്ത 6 ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം ജില്ലയിൽ വിവിധ സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. ഇന്നും ജില്ലയിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. കഴിഞ്ഞ ദിവസത്തെ മഴയിൽ കളമശ്ശേരിയിൽ 400ലധികം വീടുകളിൽ വെള്ളം കയറിയിരുന്നു. കളമശ്ശേരി,കാക്കനാട്, തൃക്കാക്കര,തൃപ്പുണിത്തുറ തുടങ്ങിയിടങ്ങളിൽ വലിയ തോതിലുള്ള വെള്ളക്കെട്ട് ഉണ്ടായി. മഴ തുടർന്നാൽ എറണാകുളം ജില്ലയിലെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങും.

ഇടപ്പള്ളി അരൂർ ദേശീയപാതയിൽ ഉൾപ്പെടെ നഗരത്തിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. പ്രളയകാലത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ കളമശ്ശേരിയിൽ മാത്രം ആറു മണിക്കൂറിനിടെ പെയ്തത് 157 മില്ലിമീറ്റർ മഴയാണ്. മേഘവിസ്ഫോടനമാണ് കനത്ത മഴക്ക് കാരണമെന്ന് കുസാറ്റ് അധികൃതർ അഭിപ്രായപ്പെട്ടു.