കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസം കണ്ടെത്തുന്നതിനായി പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന. കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും ആഭ്യന്തര, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയങ്ങളുടെയും പ്രതിനിധികൾ അടങ്ങുന്ന സംയുക്ത സമിതി ഫർവാനിയ ഗവർണറേറ്റിലെ ഖൈത്താൻ ഏരിയയിലാണ് പരിശോധന നടത്തിയത്.
സ്വകാര്യ, മോഡൽ ഹൗസിംഗ് ഏരിയകളിൽ പ്രവാസി ബാച്ചിർമാർ അനധികൃതമായി താമസിക്കുന്ന 93 വീടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. നിയമലംഘനം കണ്ടെത്തിയ 13 വസ്തുവകകളിൽ നിന്ന് വൈദ്യുതി വിച്ഛേദിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി ടീം മേധാവി മുഹമ്മദ് അൽ ജലാവി അറിയിച്ചു. നിയമലംഘനം നടത്തുന്ന സ്ഥലങ്ങളിലെ ഉടമകൾക്ക് സംയുക്ത സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇവ പരിഹരിക്കുന്നതിന് ഒരാഴ്ചത്തെ സമയപരിധി നൽകി. ഇത് പാലിച്ചില്ലെങ്കിൽ തുടര്‍ന്നും പരിശോധന നടത്തുകയും വൈദ്യുതി വിച്ഛേദിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.