മക്ക : കേരളത്തിൽ നിന്നും സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി വഴി വന്ന തീർഥാടകർക്ക് ആരോഗ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നിർജലീകരണം, സൂര്യതാപം, മരുന്നുകളുടെ ഉപയോഗം, ജീവിത ശൈലീ രോഗികൾ എന്നിവയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും ആരോഗ്യ സംരക്ഷണ രംഗത്ത് പാലിക്കേണ്ട അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും ക്ലാസെടുത്തു.
ചർമ സംരക്ഷണം,വീഴ്ച ,പേശി വേദന, ഭക്ഷണ ക്രമീകരണം, ഹജ്ജ് ചടങ്ങുകളിൽ ശ്രദ്ധിക്കേണ്ടുന്ന പ്രത്യേക കാര്യങ്ങൾ എന്നിവയെക്കുറിച്ച് യോഗത്തിൽ വിശദീകരണം നൽകി .കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി വളന്റീയർ ക്യാപ്ടൻ മുഹമ്മദ് സലീം പരിപാടിക്ക് നേതൃത്വം നൽകി. കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ക്ലിനിക്കൽ കോ-ഓർഡിനേഷൻ ടീം ലീഡറും സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടീവ് അംഗവും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ സമിതി അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനിയാണ് ബോധവത്കരണ ക്ലാസെടുത്തത്.
ഹാജിമാരുടെ താമസസ്ഥലമായ അസീസിയയിൽ വിവിധ ബിൽഡിങ്ങുകളിൽ വെച്ചു അടുത്ത ദിവസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി ബോധവത്കരണ ക്ലാസുകൾ തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.