Health

മഴയത്ത് ഒരു ചൂട് ചായ: കുടിക്കുന്നതിനു മുൻപായി ഈ കാര്യങ്ങൾ കൂടിയോർത്തിരിക്കണം

മഴക്കാലമായാൽ ചായ തന്നെ ശരണം. അല്ലെങ്കിൽ തന്നെ ചായ ഇല്ലാതെന്തു മഴക്കാലം. എന്നാല്‍, ഇന്നത്തെ ഒരു കാലാവസ്ഥാ വ്യതിയാനം വച്ച് നോക്കിയാല്‍ മഴക്കാലത്തുണ്ടാകുന്ന അസുഖങ്ങളുടെ കാര്യം തള്ളിക്കളയാന്‍ സാധിക്കില്ല. മഴക്കാലത്ത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞു പോയേക്കാം. അതുകൊണ്ടുതന്നെ, ഏറെ കരുതല്‍ ആരോഗ്യ ശ്രദ്ധയില്‍ ഇക്കാലത്തു ആവശ്യമാണ്.

എന്തൊക്കെ കാര്യങ്ങൾ ചെയ്യാം?

  1. നമ്മുടെയും, നാം ഇടപെടുന്ന ഇടങ്ങളിലുള്ളവരുടെയും ശാരീരിക ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കൈ കഴുകുന്ന ശീലം ഇന്ന് മലയാളിക്ക് ഒരു പുതുമയല്ല, അത് നമ്മള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കണം. അതുപോലെ തന്നെ ആണ്, ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസ്സുകള്‍, കിച്ചന്‍ ടവലുകള്‍ തുടങ്ങിയവയും.
  2. നിര്‍ജ്ജലീകരണം ഉണ്ടാകാതെ നോക്കുക എന്നതാണ് അടുത്തത്. വെള്ളം, ജ്യൂസുകള്‍, ഇളനീര്‍, കഞ്ഞി വെള്ളം, സൂപ്പുകള്‍, സംഭാരം, ഔഷധ ചായകള്‍ തുടങ്ങിയവ ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വെള്ളം കുടിക്കുന്നത് ദാഹശമനത്തിനു വേണ്ടി മാത്രമല്ല, ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും കൂടിയാണ്. വെള്ളത്തോടൊപ്പം, നേര്‍പ്പിച്ച മോരും വെള്ളം/ സംഭാരം, നാരങ്ങാവെള്ളം, കഞ്ഞി വെള്ളം, തെളിഞ്ഞ സൂപ്പുകള്‍ എന്നിവയെല്ലാം നമുക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നിര്‍ജ്ജലീകരണം തടഞ്ഞു ചയാപചയ പ്രക്രിയകളെ ശരിയായരീതിയില്‍ കൊണ്ടുവരുവാന്‍ ഈ മാര്‍ഗ്ഗം ഏറെ സഹായകമാണ്
  3. പഴങ്ങള്‍, പച്ചക്കറികള്‍, തുടങ്ങിയവ പ്രകൃതി ദത്തമാകയാല്‍, അവയുടെ കാലികമായ ഉപയോഗം രോഗപ്രതിരോധ ശേഷിയെ ഒന്ന് ഉഷാറാക്കാന്‍ സഹായിക്കും; പ്രതേകിച്ചും വിറ്റാമിന് സി അടങ്ങിയ പപ്പായ, ഓറഞ്ച്, മുസമ്പി, പേരക്ക, നെല്ലിക്ക, മാതളനാരങ്ങ, തുടങ്ങിയവ. ജ്യൂസുകളെക്കാള്‍ പഴങ്ങള്‍ കടിച്ചു കഴിക്കുന്നത് തന്നെയാണ് അഭികാമ്യം. ഏത്തപ്പഴം ദഹന വ്യവസ്ഥയുടെ കെട്ടുറപ്പ് കാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
  4. മാംസ്യാഹാരങ്ങള്‍ ശരീര ഭാരം നിയന്ത്രിക്കാനും രോഗ പ്രതിരോധ വ്യവസ്ഥയെ ബലപ്പെടുത്താനും സഹായിക്കുന്നു. അതിനാല്‍, മുട്ട, മുട്ട വെള്ള, മീന്‍, പയര്‍/ പരിപ്പ് വര്‍ഗ്ഗങ്ങള്‍, പനീര്‍ തുടങ്ങിയവ ദഹനത്തിനു അനുയോജ്യമായ രീതിയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഗ്യാസ് ട്രബിള്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാകയാല്‍, മിക്കവാറും പേരുടെ തീന്‍ മേശയില്‍ നിന്നും, പയറും പരിപ്പുമൊക്കെ അപ്രത്യക്ഷമാകുകയാണ്. മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ തോരന്‍ ആക്കി എടുക്കുകയാണെങ്കില്‍ ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകും.

എന്തൊക്കെ ശ്രദ്ധിക്കണം?

വ്യായാമം: ഉത്തമാരോഗ്യത്തിന്റെ ചേരുവകളില്‍ ഒരിക്കലും മാറ്റമില്ലാതെ തുടര്‍ന്ന് പോകുന്ന കാര്യങ്ങളില്‍ തുല്യ പ്രാധാന്യമുള്ള ഒന്നാണ് വ്യായാമം. ഒരു കുറുക്കു വഴിയും ഇതിനു പകരം വാക്കാണ് ആവില്ല! ദിവസം ഇരുപതു – മുപ്പതു മിനിറ്റ് എങ്കിലും അവരവര്‍ക്കു ആകുന്ന തരത്തിലുള്ള വ്യായാമ മുറകള്‍ക്കു മാറ്റി വെക്കേണ്ടത് വളരെയധികം ആവശ്യമാണ്.

പോസിറ്റീവ് ചിന്താരീതികള്‍: മനഃസംഘര്‍ഷം കുറക്കാനും, മറ്റുള്ളവര്‍ക്ക് നമ്മുടെ പോസിറ്റീവ് ഊര്‍ജ്ജം പകരാനും കഴിയുന്ന രീതിയില്‍ നമ്മുടെ ചിന്തകളെയും ജീവിത രീതികളെയും മാറ്റുന്നത് മറ്റാര്‍ക്കും വേണ്ടിയല്ല- നമുക്ക് വേണ്ടിത്തന്നെയാവണം! അത് അല്പം സ്വാര്‍ഥതയായിത്തന്നെ കാണുന്നതില്‍ ഒട്ടും വിഷമിക്കേണ്ട കാര്യമില്ല. മാനസികാരോഗ്യം ഉണ്ടെങ്കിലേ ശാരീരികാരോഗ്യവും നന്നാവുകയുള്ളൂ. അതിനാല്‍, ഇന്നത്തെ ദിവസം സന്തോഷത്തോടെ ഇന്ന് ജീവിച്ചു തീര്‍ക്കാം, നാളത്തെ ക്ലേശങ്ങള്‍ നാളെ നോക്കാം, ഇന്ന് അതേക്കുറിച്ചു ആലോചിച്ചു കൊണ്ടിരുന്നാല്‍ ഇന്നത്തെ ദിവസവും നമുക്ക് നഷ്ടമാകില്ലേ?

ശരിയായ ഉറക്കം: ഒരു നല്ല ഉറക്കം കിട്ടിയാല്‍ പാതി ആരോഗ്യം നമുക്ക് തിരിച്ചു കിട്ടും! ഒരു പരിധി വരെ ദഹന പ്രശ്‌നങ്ങളുടെയും മനഃസംഘര്ഷങ്ങളുടെയും മൂലകാരണം പലപ്പോഴും ഉറക്കമില്ലായ്മയാണ്. അത്താഴം നേരത്തെ കഴിച്ചും, പോഷകസമ്പുഷ്ടമായ ലഘു ഭക്ഷണം ശീലമാക്കിക്കൊണ്ടും, ഉറക്കത്തിനു തടസ്സമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കികൊണ്ടും നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്ന ശീലം നമുക്ക് തിരിച്ചു കൊണ്ടുവരണം.

ചായ: ചായ അമിതമായി കുടിക്കുന്നത് നിർജ്ജലീകരണനത്തിന് കാരണമാകും. അതിനാൽ തന്നെ ചായ കുടി മിതപ്പെടുത്തുന്നത് ഉചിതമായിരിക്കും