ചപ്പാത്തി കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവമാണ് ചപ്പാത്തി വെജ് റോൾ. മികച്ചൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണെന്ന് തന്നെ പറയാം. പച്ചക്കറികൾ താൽപര്യം ഇല്ലാത്തവർക്ക് ചിക്കൻ ചേർക്കാവുന്നതാണ്. എങ്ങനെയാണ് ചപ്പാത്തി വെജ് റോൾ തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- അരിഞ്ഞ ബീൻസ് – 5 എണ്ണം (ചെറുതായി അരിഞ്ഞത്)
- കാരറ്റ് – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
- കാപ്സിക്കം – 1 എണ്ണം
- തക്കാളി – 1 എണ്ണം
- മല്ലിയില – ആവശ്യത്തിന്
- മൈദ – 1 കപ്പ്
- ഗോതമ്പ് പൊടി – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
- ജീരകം – ഒരു നുള്ള്
- സവാള – ചെറുതായി അരിഞ്ഞത്
- തക്കാളി കെച്ചപ്പ് – 2 ടീസ്പൂൺ
- മുളകുപൊടി – 1/ 2 ടീസ്പൂൺ
- ഗരം മസാല – കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം മൈദ, ഗോതമ്പ് പൊടി , ഉപ്പ് എന്നിവ ചേർത്ത് ചപ്പാത്തി മാവ് ഉണ്ടാക്കുക. ശേഷം തുണികൊണ്ട് മൂടി വയ്ക്കുക. ശേഷം വെറെ ഒരു പാനിൽ എണ്ണ ഒഴിച്ച് ജീരകം ഇട്ടു ഇളക്കുക. അരിഞ്ഞ സവാളയും കാപ്സിക്കവും ഇട്ടു നന്നായി വഴറ്റുക. ശേഷം അതിലേക്ക് ബീൻസ്, തക്കാളി, മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പും ഇട്ടു നന്നായി വഴറ്റുക. അവസാനം മല്ലിയില ഇട്ടു ഒന്നു വഴറ്റികൊടുക്കുക. സ്റ്റഫ് തയ്യാറായി.
മാറ്റി വച്ചിരിക്കുന്ന ചപ്പാത്തി പരത്തി നെയ് ചേർത്ത് ചുട്ട് എടുക്കുക. അതിനുശേഷം ചപ്പാത്തി മറ്റ് ഒരു പാത്രത്തിലേക്ക് മാറ്റി അതിന്റെ മുകളിൽ തക്കാളി സോസ് പുരട്ടി കൊടുക്കുക. ശേഷം നീളത്തിൽ അരിഞ്ഞ കാരറ്റും സവാളയും വയ്ക്കുക. അതിനുശേഷം സ്റ്റഫ് വച്ച് കൊടുക്കുക. ചപ്പാത്തി റോൾ ചെയ്യുക.