കേരളത്തിന്റെ സൗന്ദര്യം ആസ്വാദിക്കാൻ ഒരു ഇടമാണോ നിങ്ങൾ അന്വേഷിക്കുന്നത്. എങ്കിൽ ആലപ്പുഴയിലെ മാക്രിമടയിലേക്കു വരിക. മാവേലിക്കര തഴക്കര പഞ്ചായത്തിൽ കല്ലുമല ആക്കനാട്ടുകരയ്ക്കു സമീപമാണു മാക്രിമട. ഗ്രാമഭംഗി ഇഷ്ടപ്പെടുന്നവർക്ക് കണ്ണിന് ഇമ്പമേകുന്ന മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന മാക്രിമട ബണ്ട് റോഡിൽനിന്ന് കണ്ണെത്താദൂരത്തുള്ള പുഞ്ചയുടെ സൗന്ദര്യം ആസ്വദിക്കാൻ കുടുംബസമേതമാണ് പലരും എത്തുന്നത്. സിനിമകൾ, വിഡിയോ ചിത്രീകരണം അടക്കമുള്ളവക്കും നിരവധിപേർ എത്താറുണ്ട്. ഒരിക്കലും നിരാശപ്പെടുത്താത്ത കാഴ്ചകളാണ് ഇവിടം സമ്മാനിക്കുന്നത്. പ്രകൃതിരമണീയമായ സ്ഥലം തനിമ നിലനിർത്തി മികച്ച വിനോദ സഞ്ചാര കേന്ദ്രമാകുന്ന പ്രതീക്ഷിലാണ് നാട്ടുകാരുടെ കാത്തിരിപ്പ്.
ആക്കനാട്ടുകരയെ അറുന്നൂറ്റിമംഗലവുമായി ബന്ധിപ്പിക്കുന്ന മാക്രിമട ബണ്ട് റോഡിെൻറ തെക്കുവശത്താണ് 100 ഏക്കറുള്ള കോളശ്ശേരി പാടം. തഴക്കര പഞ്ചായത്തിലെ കണ്ണാട്ടുമോടിയിൽ നിന്നാരംഭിച്ച് മാക്രിമട, പുതിയകാവ് വഴി പ്രായിക്കരയിൽ അച്ചൻകോവിലാറ്റിൽ പതിക്കുന്ന കാപ്പിച്ചാലിന് സൗന്ദര്യമേറെയാണ്.ആറര കിലോമീറ്ററോളം ദൈർഘ്യമുള്ള തഴക്കരയുടെ വിശാലമായ ജലസംഭരണിയാണിത്. കാപ്പിച്ചാലിൽനിന്നു വെള്ളം പമ്പ് ചെയ്യുന്നതിനായി മൈനർ ഇറിഗേഷന്റെ പമ്പ് ഹൗസ് മാക്രിമടയിലുണ്ട്. കരക്കണ്ടങ്ങളിലേക്ക് വെള്ളം എത്തിക്കാനായി കാപ്പിച്ചാലിൽനിന്ന് അഞ്ച് കൈത്തോടുകളും മേൽക്കണ്ടങ്ങൾക്ക് ചുറ്റും കരത്തോടുകളും ഉണ്ട്. ഈ തോടുകളിലൂടെയാണ് വരൾച്ച സമയത്ത് വെള്ളം പമ്പ് ചെയ്ത് ആവശ്യമെങ്കിൽ കനാൽ പുഞ്ചയിൽ എത്തിക്കുന്നത്. ഇങ്ങനെ കണ്ണിന് ഇമ്പമേകുന്ന മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന സ്ഥലമാണ് മാക്രി മട ബണ്ട്. ബണ്ട് റോഡിൽനിന്ന് നാല് ദിക്കുകളിലേക്കുള്ള കാഴ്ചയും നയനാനന്ദകരമാണ്.
നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടത്തെ കുളിരുന്ന കാറ്റും പ്രത്യേക അനുഭൂതി പകരും. ക്രിയാത്മകമായ സമീപനത്തോടെ പദ്ധതികൾ ആവിഷ്കരിച്ചാൽ തഴക്കര പുഞ്ചയിലെ കൃഷി മുടങ്ങാതെ തന്നെ മികച്ച വിനോദസഞ്ചാര പദ്ധതി ആവിഷ്കരിക്കാൻ സാധിക്കാമെന്നതിന് തെളിവാണ് ദിനംപ്രതി ഇവിടെ എത്തുന്നവരുടെ വർധന ചൂണ്ടിക്കാണിക്കുന്നത്. ഇതിനൊപ്പം അവധിദിനത്തിൽ ചൂണ്ടയിടുന്നവരുടെ എണ്ണവും കൂടുതലുണ്ട്. അവരെ നിരാശരാക്കാതെയാണ് ‘മാക്രിമട’ പലപ്പോഴും തിരിച്ചയക്കുന്നത്.
മാവേലിക്കര ബുദ്ധ ജംക്ഷൻ–കല്ലുമല തെക്കേമുക്ക് റോഡിൽ 2 കിലോമീറ്ററോളം സഞ്ചരിച്ചു ബിഷപ് മൂർ കോളജ് ജംക്ഷനിൽ നിന്നു 400 മീറ്റർ മുന്നോട്ടു പോയി ഇടത്തോട്ട് കല്ലുമല കാർഷിക സഹകരണ ബാങ്കിലേക്കുള്ള വഴിയിൽ ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ മാക്രിമടയിലെത്താം. മാവേലിക്കര പന്തളം റോഡിൽ ഇറവങ്കര ജംക്ഷനിൽ നിന്നു തെക്കോട്ടു മൂലയിൽ പള്ളി റോഡിൽ 2 കിലോമീറ്ററോളം സഞ്ചരിച്ചു മുപ്പത്തിമുക്ക് ജംക്ഷനിൽ നിന്നു പടിഞ്ഞാറോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാലും എത്താം.