ബേസിൽ ജോസഫിനെ നായകനാക്കി എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിലൂടെ നസ്രിയ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. സിദ്ധാർഥ് ഭരതനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശരൺ വേലായുധൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിർവ്വഹിക്കും. ചിത്രം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ട്രാൻസ്, മണിയറയിലെ അശോകൻ, തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി എന്നീ സിനിമകൾക്കു ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിന് ശേഷം ബേസിൽ നായകനാകുന്ന ചിത്രമാണിത്. ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കിയ ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. പൃഥ്വിരാജും ബേസിലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അനശ്വര രാജനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാർ. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50 കോടി ക്ലബിൽ കയറിയത്. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കിയ ചിത്രമാണിത്.
2018ൽ നോൺസെൻസ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്. സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം ക്രിസ്റ്റോ സേവ്യർ, എഡിറ്റിങ് ചമന്‍ ചാക്കോ.