രാജ്യത്തെ സ്വകാര്യ മേഖലയില്‍ മൂന്ന് വര്‍ഷം മുതല്‍ പ്രവര്‍ത്തി പരിചയമുള്ള സ്വദേശികള്‍ക്കായി സര്‍ക്കാര്‍ ജോലിക്ക് മുന്‍ഗണന. യുഎഇയില്‍ ഇത് സംബന്ധിച്ച പുതിയ നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍ക്കാര്‍ – സ്വകാര്യ മേഖലകളെ ബന്ധിപ്പിക്കുന്നത് ശക്തിപ്പെടുത്താനാണ് പുതിയ നയം.നിലവില്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഒരു ലക്ഷത്തിലധികം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 70 ശതമാനം നിയമനവും നടന്നത് കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളിലാണ്. ചരിത്രപരമായ ഈ നാഴികകല്ല് പിന്നിട്ടത് നഫീസ് പ്രോഗ്രാം ആരംഭിച്ചതിന് ശേഷമാണെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യുഎഇ പൗരന്മാര്‍ക്ക് ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഷെയ്ഖ് മുഹമ്മദിന്റെ ലക്ഷ്യം. യുഎഇ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയുടെ നേട്ടങ്ങള്‍ അവലോകനം ചെയ്തതായും യുഎഇ പ്രസിഡന്റിന്റെ 24 ബില്യന്‍ ദിര്‍ഹത്തിന്റെ സുപ്രധാനമായ നഫീസ് പദ്ധതി ആരംഭിച്ചതിന് ശേഷം കൈവരിച്ച നേട്ടത്തെ കുറിച്ചും അദ്ദേഹം സമൂഹമാദ്ധ്യമമായ എക്‌സില്‍ കുറിച്ചു.