തിരുവനന്തപുരം : മഴക്കാലത്ത് രോഗികൾ വർദ്ധിക്കുന്നത് മുഖവിലക്കെടുക്കാതെ കൂട്ട അവധിയെടുത്ത സർക്കാർ ഡോക്ടർമാർക്ക് അന്ത്യശാസനം. ജൂൺ ആറിന് മുമ്പ് ജോലിയിൽ പ്രവേശിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അനുമിതിയില്ലാതെ അവധി എടുത്തവർക്കെതിരെയാണ് നടപടി. തിരികെ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ പിരിച്ചുവിടൽ ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
മഴക്കാലത്ത് പല അസുഖങ്ങൾ ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രികളിലുൾപ്പെടെ സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. എന്നാൽ ഇതൊന്നും വകവെക്കാതെയാണ് ഡോക്ടർമാർ അവധിയെടുത്ത് പോകുന്നത്. ഡോക്ടർമാർ കുറവായതിനാൽ മണിക്കൂറുകളോളമാണ് രോഗികൾ കാത്തിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദിനംപ്രതി ആയിരത്തോളം പേരാണ് അത്യാഹിത വിഭാഗത്തിൽ മാത്രം ചികിത്സയ്‌ക്കെത്തുന്നത്. ഏഴ് ഡോക്ടർമാർ ഇരിക്കേണ്ട ഒപിയിൽ രണ്ടോ മൂന്നോ ഡോക്ടർ മാത്രമാണുള്ളത്. 30 ഇസിജി ടെക്നീഷ്യന്മാർ വേണ്ടയിടത്ത് വെറും എട്ട് പേരാണുള്ളത്. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ രണ്ട് ഇസിജി ടെക്നീഷ്യന്മാർ മാത്രമാണ് നിലവിലുള്ളത്. ഡോക്ടർമാരോടൊപ്പം സ്റ്റാഫുകളും കൂടി അവധിയെടുക്കുമ്പോൾ രോഗികൾ വലയുകയാണ്.