സ്വതന്ത്ര ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ ജന്‍മഭൂമി നടത്തുന്ന അസത്യ പ്രചാരണത്തിനെതിരേ അന്വേഷണം ഡോട്ട് കോം നിയമ നടപടിക്കൊരുങ്ങുന്നു. മലയാളത്തിലെ പല ന്യൂസ് സൈറ്റുകള്‍ക്കും ഒപ്പം അന്വേഷണം ഡോട്ട് കോമിന്റെ പേരില്‍ ഇന്ന് ജന്മഭൂമി ഓണ്‍ലൈനിലും ജനം ടിവിയിലും വന്ന സോറോസ് ഫണ്ട് പറ്റാന്‍ എട്ട് മലയാളം ഓണ്‍ലൈനുകള്‍ എന്ന വ്യാജവാര്‍ത്തയ്ക്കെതിരെയാണ് അന്വേഷണം നിയമനടപടി എടുക്കുന്നത്.
കേന്ദ്രഭരണത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ടൂള്‍കിറ്റുകള്‍ എന്ന പേരില്‍ ജനവും ജന്മഭൂമിയും പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ മറ്റ് ഒണ്‍ലൈന്‍ ചാനലുകള്‍ക്കൊപ്പം അന്വേഷണത്തിന്റെ പേരും ഉപയോഗിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെയാണ് നിയമനടപടി ആരംഭിച്ചിരിക്കുന്നതെന്നും അന്വേഷണം ചീഫ് എഡിറ്റര്‍ പറഞ്ഞു.
രാജ്യാന്തര തലത്തില്‍ സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ജോര്‍ജ് സോറോസിന് കേരളത്തിലും വേരുണ്ടെന്ന് പറഞ്ഞു ഡിജി പബ് വഴി സോറോസ് ഫണ്ട് അന്വേഷണം അടക്കമുള്ള ഓണ്‍ലൈന്‍ ന്യൂസുകള്‍ പണം പറ്റുന്നുവെന്ന രീതിയിലാണ് വ്യാജവാര്‍ത്ത ചമച്ചിരിക്കുന്നത്. ഡിജി പബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷനില്‍ അംഗമായ എട്ട് മലയാളം ഓണ്‍ലൈനുകളുടെ പേരെടുത്ത് പറഞ്ഞാണ് സോറോസ് ഫണ്ട് കേരളത്തിലേക്ക് ഒഴുകുന്നതെന്ന് ജന്മഭൂമി പറഞ്ഞിരിക്കുന്നത്.
അഴിമുഖം മീഡിയ, ഡൂള്‍ ന്യൂസ്, സൗത്ത് ലൈവ്, ദ് ക്യൂ, ട്രൂ കോപ്പി, മലബാര്‍ ന്യൂസ്, അന്വേഷണം, ടൈംസ് കേരള ഓണ്‍ലൈന്‍ എന്നീ വാര്‍ത്ത മാധ്യമങ്ങള്‍ക്കെതിരെയും ഡിജി പബ് സംഘടനയ്ക്കെതിരേയും ന്യൂസ് മിനിറ്റ് എഡിറ്റര്‍ ധന്യ രാജേന്ദ്രനെതിരേയുമാണ് ജനത്തിന്റേയും ജന്മഭൂമിയുടേയും വാര്‍ത്ത. ആ വാര്‍ത്ത പിന്‍പറ്റി ചില യൂട്യൂബ് ചാനലുകളും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരേയും നിയമനപടി കൈക്കൊള്ളും.
രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിഘടനവാദ സംഘടനകളെയും വ്യക്തികളെയും ന്യായീകരിക്കുകയും മഹത്വവല്‍കരിക്കുകയും ചെയ്യുന്ന വാര്‍ത്തകളാണ് ഡിജി പബ് ശ്യംഖലയിലൂടെ പ്രചരിപ്പിക്കുന്നതെന്നും ജന്‍മഭൂമി പറയുന്നുണ്ട്. തീവ്ര ഇടതുപക്ഷ മാവോയിസ്റ്റ് നേതാക്കളും യു എ പി എ രാജ്യദ്രോഹ കേസ് പ്രതികളും ഡിജി പബ് മീഡിയക്ക് ആരാധ്യരാണെന്നുമുള്ള നുണകളും എഴുതിയിട്ടുണ്ട്.
രാജ്യവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വിദേശത്തു നിന്നു പണം ഓണ്‍ലൈന്‍ ഉടമകള്‍ക്ക് ലഭിക്കുന്നതിന്റെ ഹവാല മണി ട്രെയില്‍ മാര്‍ഗത്തെകുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ജന്‍മഭൂമിയുടെ വെറും ജല്‍പ്പനങ്ങള്‍ മാത്രമാണ്. ഈ വാര്‍ത്തയ്‌ക്കെതിരേ നിയമപരമായ തിരിച്ചടിയാണ് നല്‍കേണ്ടതെന്നും അന്വേഷണം ചീഫ് എഡിറ്റര്‍ വ്യക്തമാക്കി.