അബുദാബി ∙ അഞ്ചാം പനിക്കെതിരായ സൗജന്യ കുത്തിവയ്പ് അബുദാബിയിൽ ആരംഭിച്ചു. 1–5 വയസ്സുകാർക്കാണ് കുത്തിവയ്പ്. ആഗോളതലത്തിൽ അഞ്ചാംപനി പടരുന്ന പശ്ചാത്തലത്തിലാണ് നടപടി. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിനു (എഡിപിഎച്ച്സി) കീഴിലുള്ള എമിറേറ്റിലെ ഹെൽത്ത് കെയറിൽ എത്തിയാണ് സൗജന്യ കുത്തിവയ്പ്.
എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്ക് അഞ്ചാംപനി പിടിക്കുമെങ്കിലും 5 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് കൂടുതലായി ബാധിക്കുക. 3 ആഴ്ചത്തേക്കാണ് വാക്സീൻ ക്യാംപെയ്ൻ. അബുദാബി, അൽഐൻ, അൽദഫ്ര എന്നിവിടങ്ങളിലെ 58 പൊതു ആരോഗ്യ കേന്ദ്രങ്ങളിലും വാക്സീൻ ലഭ്യമാണ്.
ദേശീയ വാക്സീൻ പദ്ധതിയിൽ നിലവിൽ അഞ്ചാം പനിക്ക് 2 ഡോസ് വാക്സീൻ നൽകുന്നു. ആദ്യ ഡോസ് 12ാം മാസത്തിലും രണ്ടാമത്തേത് 18ാം മാസത്തിലുമാണ് നൽകുന്നത്. പ്രതിരോധം ശക്തിപ്പെടുത്താനാണ് അധിക ഡോസ് നൽകുന്നത്.