റോഡുകളുടെ ഗുണനിലവാരത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും അറബ് രാജ്യങ്ങളിൽ ഒന്നാംസ്ഥാനവും നേടി യു.എ.ഇ. വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ യാത്ര, വിനോദസഞ്ചാര വികസന സൂചിക 2024-ലാണ് ഇക്കാര്യം പറയുന്നത്. ആഗോളതലത്തിലെ മികച്ച തുറമുഖ, പൊതുഗതാഗത സേവനങ്ങളുടെ കാര്യക്ഷമതയിൽ യഥാക്രമം ഒൻപത്, പത്ത് സ്ഥാനങ്ങളാണ് ലഭിച്ചത്. ഇതേ വിഭാഗങ്ങളിൽ അറബ് മേഖലയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുമുണ്ട്.
ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെയും വികസന പദ്ധതികളുടെയും ഫലമാണിതെന്ന് ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂഇ പറഞ്ഞു. വിവിധ മേഖലകളോടുള്ള സമീപനവും പദ്ധതികളുടെ ആസൂത്രണവുമാണ് നേട്ടത്തിൽ പ്രതിഫലിക്കുന്നത്. വിനോദത്തിനും വിജ്ഞാനത്തിനുമുള്ള മുൻനിര ലക്ഷ്യസ്ഥാനമായി യു.എ.ഇ. യെ മാറ്റുന്നതിന് പ്രതിജ്ഞാബദ്ധരാണെന്നും അൽ മസ്‌റൂഇ പറഞ്ഞു.
യു.എ.ഇ. നേതൃത്വത്തിന്റെ അഭിലാഷങ്ങൾക്ക് അനുസൃതമായി രാജ്യം കൂടുതൽ ശക്തമാവുകയാണെന്ന് ഫെഡറൽ കോംപിറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ മേധാവി ഹനാൻ മൻസൂർ അഹ്ലി പറഞ്ഞു. ഉന്നത നിലവാരത്തോടുകൂടിയാണ് യു.എ.ഇ.യിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. റോഡുകൾ, പൊതുഗതാത സേവനങ്ങൾ, തുറമുഖ സേവനങ്ങൾ എന്നിവയുടെ ഗുണനിലവാരത്തിൽ മാതൃകയാണ് രാജ്യം. ഇത് വിദേശ നിക്ഷേപവും ജി.ഡി.പി. യും വർധിപ്പിക്കാൻ സഹായിക്കുമെന്നും മൻസൂർ അഹ്ലി പറഞ്ഞു.