Thiruvananthapuram

വര്‍ക്കലയിൽ കുന്ന് ഇടിഞ്ഞു വീണ് അപകടം, കല്ലുകള്‍ താഴേയ്‌ക്ക് പതിച്ചു

വര്‍ക്കല ബലിമണ്ഡപത്തിന് സമീപത്തെ കുന്ന് പുലര്‍ച്ചെയോടെ ഇടിഞ്ഞു വീഴുകയായിരുന്നു

തിരുവനന്തപുരം : വര്‍ക്കലയിലെ തീരദേശ മേഖലയില്‍ ഇന്നലെ രാത്രി മുതല്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും വന്‍ നാശ നഷ്ടം. വര്‍ക്കല ബലിമണ്ഡപത്തിന് സമീപത്തെ കുന്ന് പുലര്‍ച്ചെ ഇടിഞ്ഞ് വിണു. ആള്‍ അപായം ഒഴിവായി. സാധാരണ പുലര്‍ച്ചെ 5.30 മുതല്‍ ഈ ഭാഗത്ത് ബലി തര്‍പ്പണം നടത്തുന്നതിന് ധാരാളം ഭക്തര്‍ എത്താറുള്ളതാണ്.

കുന്നിന്റെ ഭാഗം അടര്‍ന്ന് വലിയ കല്ലുകള്‍ താഴേയ്‌ക്ക് പതിക്കുകയായിരുന്നു. ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തും മുന്നിലുമായാണ് കുന്ന് ഇടിഞ്ഞു വീണത്. പുലര്‍ച്ചെ മണ്ഡപം തുറക്കാന്‍ എത്തിയ ജീവനക്കാരാണ് സംഭവം അറിഞ്ഞത്. വീണ്ടും കുന്നിടിയാന്‍ സാധ്യത ഏറെയാണെന്ന് പരിസരവാസികള്‍ പറയുന്നു. വളരെ ദുര്‍ബലമാണ് പാപനാശം കുന്നുകളുടെ ഉള്‍ഭാഗം. അതുകൊണ്ട് തന്നെ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ കുന്നുകളെ സാരമായി ബാധിക്കും.

മഴയും കാറ്റും പ്രതിരോധിക്കാനുള്ള ശേഷിയും കുന്നുകള്‍ക്കില്ല. കുന്നിനോട് ചേര്‍ന്നാണ് ടൂറിസം പോലീസിന്റെ വിശ്രമം മുറിയും. ബലി മണ്ഡപത്തിന്റെ സമീപത്ത് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഒരു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ടോയ്‌ലെറ്റ് ബ്ലോക്കിന്റെ മുന്‍ഭാഗം നിരപ്പാക്കുന്നതിനായി ഒരു മാസം മുന്‍പ് കുന്നിടിച്ച് മണ്ണ് എടുത്തിരുന്നു. നഗരസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ഈ ഭാഗം കോണ്‍ക്രീറ്റ് ചുവരുകള്‍ കെട്ടി സംരക്ഷിക്കാം എന്നുള്ള തീരുമാനം എടുത്തിരുന്നു. ഇതിനോട് ചേര്‍ന്നുള്ള ഭാഗമാണ് ഇപ്പോള്‍ ഇടിഞ്ഞു വീണത്.

ഒരാഴ്ച മുന്‍പ് പുതുതായി നിര്‍മ്മിക്കുന്ന ടോയ്‌ലെറ്റ് ബ്ലോക്കിന്റെ സെപ്റ്റിക് ടാങ്കുകള്‍ക്ക് മുകളില്‍ പാകിയിരുന്ന മുന്‍ഭാഗത്തെ ഇന്റര്‍ലോക്കുകള്‍ മഴയില്‍ ഇടിഞ്ഞുതാണിരുന്നു . ദിവസങ്ങള്‍ക്ക് മുന്‍പാണ് പാപനാശം ഹെലിപ്പാഡ് ഭാഗത്തെ കുന്നുകള്‍ ഏതാണ്ട് 10മീറ്ററോളം വീതിയില്‍ ഇടിഞ്ഞു വീണത്. ബലി മണ്ഡപത്തിന് സമീപത്തെ കുന്നുകള്‍ വീണ്ടും ഇടിഞ്ഞാല്‍ ബലി തര്‍പ്പണത്തിന് എത്തുന്നവരുടെ ജീവന് ഭീഷണി ആകും

Latest News