ലഖ്‌നൗ : ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകനും കൈസര്‍ഗഞ്ജ് സ്ഥാനാര്‍ഥിയുമായ കരണ്‍ ഭൂഷണ്‍ സിങ്ങിന്റെ വാഹനവ്യൂഹത്തിലെ കാറിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. റെഹാന്‍(17), ഷഹ്‌സാദ്(24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലായിരുന്നു സംഭവം.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് ബൈക്കിലിടിച്ചത്. അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ കാറിന്റെ പിന്‍വശത്ത് പോലീസ് എസ്‌കോര്‍ട്ട് എന്ന് എഴുതിയിരിക്കുന്നതും വ്യക്തമാണ്.
റെഹാനും ഷഹ്‌സാദും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ എതിര്‍വശത്തുനിന്നെത്തിയ കാര്‍ ഇടിച്ചുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ വയോധികയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് നീതിയാവശ്യപ്പെട്ട് വന്‍ ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടിയതായാണ് റിപ്പോര്‍ട്ട്.
കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടസമയത്ത് കരണ്‍ ഭൂഷണ്‍ സിങ് വാഹനവ്യൂഹത്തിനൊപ്പം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
മൂന്ന് തവണ ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ജില്‍നിന്ന് ബി.ജെ.പി ടിക്കറ്റില്‍ എം.പിയായ മുന്‍ ഗുസ്തിഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന് പകരമാണ് മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിന് ഇത്തവണ സീറ്റ് നല്‍കിയത്. ദേശീയ ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാരോപണ വിവാദത്തില്‍ കുടങ്ങിയ ബ്രിജ്ഭൂഷണ്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.