UAE

ഷാർജയിൽ എട്ട് പുതിയ നഴ്‌സറികൾ കൂടി നിർമിക്കും

ഷാർജ എമിറേറ്റിൽ എട്ട് പുതിയ നഴ്‌സറികൾ കൂടി നിർമിക്കും. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് തീരുമാനം അറിയിച്ചത്. ‘ഡയറക്ട് ലൈൻ’ റേഡിയോ പ്രോഗ്രാമിലൂടെയായിരുന്നു പ്രഖ്യാപനം

ഷാർജയിൽ മൂന്നും ഖൽബ, ഖോർഫുക്കാൻ എന്നിവിടങ്ങളിൽ രണ്ടെണ്ണം വീതവും ദിബ അൽ ഹിസ്‌നിൽ ഒന്നും നഴ്‌സറികൾ നിർമിക്കാനാണ് തീരുമാനം. മധ്യ മേഖലയിൽ നിലവിലുള്ള നഴ്‌സറികൾ കൂടാതെയാണ് പുതിയ നഴ്‌സറികൾ നിർമിക്കുന്നത്. നിലവിൽ സ്‌കൂളുകളോട് ചേർന്ന് പ്രവർത്തിക്കുന്ന 11 നഴ്‌സറികൾ മാറ്റിസ്ഥാപിക്കുകയും ഓരോ മേഖലയിലും കുട്ടികൾക്കായി പോഷകാഹാരം ഒരുക്കുന്നതിനായി സെൻട്രൽ കിച്ചൻ സ്ഥാപിക്കുകയും ചെയ്യും. മികച്ച സൗകര്യങ്ങളുള്ള നഴ്‌സറിയിൽ പ്രതിമാസം 800 ദിർഹമാണ് ഫീസ് നിരക്ക്.

നിലവിൽ ഷാർജയിൽ 33 നഴ്‌സറികളാണുള്ളത്. കുട്ടികളിൽ നിന്നുള്ള ഡിമാൻറ് വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ സ്ഥാപനങ്ങൾ നിർമിക്കാനൊരുങ്ങുന്നത്. സ്‌കൂളുകളിൽ പ്രവർത്തനം നിർത്തിയ നഴ്‌സറികളും പുനസ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ നഴ്‌സറികളിൽ 33 കുട്ടികളെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. എന്നാൽ, പുതുതായി നിർമിച്ചവ 155 കുട്ടികളെ ഉൾകൊള്ളാൻ ശേഷിയുണ്ട്. 10 മാസത്തിനുള്ളിൽ കൽബയിലെ നഴ്‌സറി പൂർത്തിയാക്കും.