സംസ്ഥാനത്ത് മഴക്കെടുതിയും വെളളപ്പൊക്കവും രൂക്ഷമാവുകയാണ്. വരും ദിവസങ്ങളിൽ മഴക്കെടുതി മൂലമുണ്ടാകുന്ന ദുരിതങ്ങൾ ജനങ്ങളെ വലയ്ക്കുമെന്ന തീർച്ചയാണ്. ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരും. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനും അവർക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കാനും ഓടിയെത്തുന്ന ഒട്ടേറെ സന്നദ്ധപ്രവർത്തകരെ നമുക്ക് അവിടെ കാണുവാൻ കഴിയും. മഴക്കെടുതിക്ക് ശേഷവും ദുരിതബാധിതർക്ക് സഹായം ആവശ്യമുണ്ട്. അവരെ പിന്നീട് പുനഃരധിവസിപ്പിക്കേണ്ടതുണ്ട്. കൂടാതെ അവർക്ക് മാനസിക പിന്തുണയും വൈദ്യസഹായങ്ങളും നൽകണം. ഇങ്ങനെയുളള ഗൗരവമായ വിഷയങ്ങൾ കൈകാര്യം ചെയ്യുവാൻ സന്നദ്ധസേവകർക്ക് കഴിയില്ല, അല്ലെങ്കിൽ അവര്‍ പോര. അതിന് പ്രൊഫഷണലായ സമീപനവും പ്ലാനിംഗും വേണം. ഇക്കാര്യങ്ങൾക്ക് സോഷ്യൽ വർക്കർമാരെ ആവശ്യമായി വരും. ഇവിടെയാണ് സോഷ്യൽ വർക്കിന്‍റെ പ്രസക്തി. അതായത് വെറും സന്നദ്ധ പ്രവർത്തനമല്ല സോഷ്യൽ വർക്ക്.
സോഷ്യൽ വർക്കില്‍ എല്ലാം ഉണ്ട്
സോഷ്യൽ വർക്ക് ഒരു പ്രൊഫഷണൽ പ്രോഗ്രാമാണ്. സാമൂഹിക പ്രവർത്തനം എന്നത് ഒരു തൊഴിലാക്കി മാറ്റാൻ കഴിയുന്നതും എന്നാൽ മികച്ച തൊഴിൽ സാധ്യതകളുളളതുമായ പഠനമേഖലകളിലൊന്നാണ്. സോഷ്യോളജി, ഡിസാസ്റ്റർ മാനേജ്മെന്റ്, സൈക്കോളജി, ഇക്കണോമിക്സ് പൊളിറ്റിക്സ്, മെഡിക്കൽ സയൻസ്, മാനേജ്മെന്റ് എന്നിങ്ങനെ വിവിധ സയൻസ് – മാനവിക – മാനേജ്മെന്റ് വിഷയങ്ങൾ ചേർന്ന പഠന മേഖലയാണ് സോഷ്യൽ വർക്ക്. അതുകൊണ്ട് തന്നെ വരും കാലങ്ങളിൽ സോഷ്യൽ വർക്ക് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ കാത്ത് അനന്തമായ തൊഴിൽ സാധ്യതകളാണുളളത്.
സാമൂഹിക പ്രവർത്തനമൊക്കെ എന്താ ഇത്ര പഠിക്കാൻ എന്നാണ് പലരുടെയും സംശയം. പലരും വിചാരിച്ചിരിക്കുന്നത് ചാരിറ്റി പ്രവർത്തനങ്ങളോ ദാനം നൽകലോ ആണ് സോഷ്യൽ വർക്ക് എന്നാണ്. സർക്കാർ സ്ഥാപനങ്ങളും ദേശീയ – അന്തർദേശീയ സംഘടനകളും നടത്തുന്ന സാമൂഹികമായ പ്രവർത്തനങ്ങൾ, പുനഃരധിവാസ പരിശീലന വികസന പ്രവർത്തനങ്ങൾ, വിവിധ പ്രോജക്ടുകൾ എന്നിവ നടപ്പിലാക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും നേതൃത്വം നൽകുന്നവരാണ് സോഷ്യൽ വർക്ക് ഒരു വിഷയമായി പഠിച്ച പ്രൊഫഷണലുകൾ. ഇത്തരം മേഖലകളിൽ പ്രവർത്തിക്കുവാൻ വേണ്ട പ്രൊഫഷണൽ നൈപുണ്യ പരിശീലനവും മാനേജ്മെന്റ് വൈദഗ്ധ്യവും നേടുകയാണ് കോഴ്സിന്റെ ലക്ഷ്യം. പ്രൊഫഷണലായുളള സോഷ്യൽ വർക്കർമാരെ സൃഷ്ടിക്കുന്ന പഠന പ്രോഗ്രാമുകള്‍ ബിരുദതലത്തിൽ ബി. എസ്. ഡബ്ല്യു. എന്നും ബിരുദാനന്തര ബിരുദ തലത്തിൽ എം. എസ്. ഡബ്ല്യു. എന്നും അറിയപ്പെടുന്നു. പ്ലസ് ടു ജയിച്ചവർക്ക് ബി. എസ്. ഡബ്ല്യുവിനും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയർവക്ക് എം. എസ്. ഡബ്ല്യുവിനും ചേരാം.
സോഷ്യൽ വർക്ക് ഒരു പ്രൊഫഷനാണ്
സമൂഹത്തോട് പ്രതിബദ്ധതയുളളവർക്കും ടീമായി ജോലി ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്കും ചേർന്ന തൊഴിൽ മേഖലയാണ് സോഷ്യൽ വർക്ക്. വ്യക്തികളുടെ സാമൂഹികവും മാനസികവും ശാരീരികവുമായ പ്രശ്നങ്ങളും ന്യൂനതകളും പരിഹരിക്കുന്നതിന്‍റെ ഭാഗമായി സോഷ്യൽ വർക്കർ ജനങ്ങളുമായി ഇടപെടുന്നു. പുനഃരധിവാസം, വൈകാരിക പ്രശ്നങ്ങളുളളവർക്ക് കൗൺസലിംഗ്, ഡി-അഡിക്ഷൻ പ്രവർത്തനങ്ങൾ, ക്രിമിനലുകളുടെ കുറ്റവാസനകളെ ഇല്ലാതാക്കൽ, ദാരിദ്രനിർമ്മാർജ്ജനം, തൊഴിലില്ലായ്മ ഇല്ലാതാക്കൽ, എന്നിവയെല്ലാം ഒരു സോഷ്യൽ വർക്കറുടെ ജോലികളാണ്. ചുരുക്കത്തില്‍, വ്യക്തി – സാമൂഹിക തലങ്ങള്‍, സാമൂഹ്യ ഇടപെടല്‍, പ്രതിരോധം, പ്രശ്ന പരിഹാരം, വികസനം എന്നിങ്ങനെ മനുഷ്യന്‍റെ അടിസ്ഥാനപരമായ ആവശ്യങ്ങളോടെല്ലാം സോഷ്യല്‍ വര്‍ക്ക് ബന്ധപ്പെട്ടിരിക്കുന്നു.
സ്പെഷ്യലൈസേഷനുകൾ അനവധി
മെഡിക്കൽ ആൻഡ് സൈക്യാട്രി, ഫാമിലി ആൻഡ് ചൈൽഡ് ഡെവലപ്മെന്റ്, റിസോഴ്സ് മാനേജ്മെന്റ്, കോർപറേറ്റ് സോഷ്യൽ റെസ്‍പോൺസിബിലിറ്റി (സി. എസ്. ആർ.), ക്രിമിനോളജി, ഡിസാസ്റ്റർ മാനേജ്മെന്റ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ്, സോഷ്യൽ ഒൻട്രപ്രണർഷിപ്പ് എന്നിവയാണ് സോഷ്യൽ വർക്കിലെ പ്രധാന സ്പെഷ്യലൈസേഷനുകൾ. പി. ജി. തലത്തിലാണ് സ്പെഷ്യലൈസേഷനുകൾ നിലവിലുള്ളത്. എന്നാല്‍ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പുതിയതായി ആരഭിക്കുന്ന നാല് വര്‍ഷ ബി. എസ്. ഡബ്ല്യു. പ്രോഗ്രാമില്‍ നാല് സ്പെഷ്യലൈസേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാമിലി സോഷ്യല്‍ വര്‍ക്ക്, ഹെല്‍ത്ത് സോഷ്യല്‍ വര്‍ക്ക്, ഡെവലപ്മെന്‍റ് സോഷ്യല്‍ വര്‍ക്ക്, ലേബര്‍ വെല്‍ഫെയര്‍ & ഇന്‍ഡസ്ട്രിയല്‍ സോഷ്യല്‍ വര്‍ക്ക് എന്നിവയാണവ.
തൊഴിൽ സാധ്യതകൾ
സന്നദ്ധ സർക്കാർ ഏജൻസികളിലും പൊതുമേഖല സ്ഥാപനങ്ങളിലും കോർപറേറ്റ് കമ്പനികളിലും സ്കൂൾ – കോളേജുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം സോഷ്യൽ വർക്കിൽ ബിരുദ – ബിരുദാനന്തര ബിരുദം നേടിയവരെ ആവശ്യമാണ്. സോഷ്യൽ വർക്കിൽ യോഗ്യത നേടിയവർക്ക് സർക്കാരിതര ക്ഷേമസംഘടനകളിലും കോർപറേറ്റ് സ്ഥാപനങ്ങളിലും വെൽഫെയർ ഓഫീസർ അല്ലെങ്കിൽ സമാന തസ്തകകളിൽ നിയമനം ലഭിക്കും. ക്രിമിനോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, ഫാമിലി വെൽഫെയർ ഓഫീസർ, ചൈൽഡ് വെൽഫെയർ ഓഫീസർ എന്നീ ജോലികളും സോഷ്യൽ വർക്ക് ഐച്ഛികമായി പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ വനിത – ശിശു വികസന, സാമൂഹ്യനീതി വകുപ്പുകള്‍, കുടുംബശ്രീ, മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, എന്‍. ആര്‍. എച്ച്. എം., ഡി-അഡിക്ഷൻ കേന്ദ്രങ്ങൾ, കുടുംബ കോടതികള്‍, വൃദ്ധസദനങ്ങൾ, സ്പെഷ്യൽ സ്കൂളുകൾ, ഭിന്നശേഷി പുനഃരധിവാസ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ, ക്രൈസിസ് മാനേജ്മെന്‍റ് യൂണിറ്റുകൾ, ഡിസാസ്റ്റർ മാനേജ്മെന്‍റ്, ഗ്രാമീണ വിദ്യാഭ്യാസ – വികസന ഏജൻസികൾ, ആരോഗ്യ സേവന സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങളിലും സോഷ്യൽ വർക്ക് പ്രൊഫഷണലുകൾക്ക് തൊഴിൽ സാധ്യത ഏറെയാണ്.
വിദേശത്ത് അവസരങ്ങൾ അനേകം
യൂണൈറ്റഡ് നേഷൻസ് (യു. എൻ.) ന് കീഴിലുളള വിവിധ സംഘടനകളിൽ സോഷ്യൽ വർക്ക് പ്രൊഫഷണലുകൾക്ക് അനേകം തൊഴിലവസരങ്ങളുണ്ട്. വളരെയധികം വിദേശ കുടിയേറ്റ സാധ്യതയുളള പഠന മേഖലയാണ് സോഷ്യൽ വർക്ക്. വിദേശ രാജ്യങ്ങളിൽ സോഷ്യൽ വർക്കറായി ജോലി ചെയ്യുവാൻ ലൈസൻസ് ആവശ്യമാണ്. ഈ രാജ്യങ്ങളിലെ നിയമനടപടികൾ പ്രകാരം ഓരോ വർഷവും ലൈസൻസ് എടുക്കുകയും പുതുക്കുകയും ചെയ്യാം. ബി. എസ്. ഡബ്ല്യുവിന് ശേഷമാണ് എം. എസ്. ഡബ്ല്യു. എടുക്കുന്നതെങ്കിൽ ഇന്റേൺഷിപ്പ് കാലയളവിലെ പരിചയം കണക്കിലെടുത്ത് ജോലി പരിചയം ഇല്ലാതെ തന്നെ പല വിദേശ രാജ്യങ്ങളും (ഐ. ഇ. എൽ. ടി. എസ്. യോഗ്യതയുണ്ടെങ്കിൽ) തൊഴിൽ വിസ നൽകുന്നുണ്ട്.
സംസ്കൃത സർവ്വകലാശാലയിൽ ബി. എസ്. ഡബ്ല്യുന് അപേക്ഷിക്കാം
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും തിരൂര്‍, പയ്യന്നൂര്‍ പ്രാദേശിക ക്യാമ്പസുകളിലും നാല് വര്‍ഷ ബി. എസ്. ഡബ്ല്യു. പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് ടു/വൊക്കേഷണല്‍ ഹയർ സെക്കണ്ടറി അഥവാ തത്തുല്ല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) അപേക്ഷിക്കാം. യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്ലസ് ടു തലത്തില്‍ സോഷ്യല്‍ വര്‍ക്ക് ഒരു വിഷയമായി പഠിച്ചവര്‍ക്ക് പത്ത് മാര്‍ക്ക് അധികമായി ലഭിക്കും. നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ലാറ്ററല്‍ എന്‍ട്രി അനുവദനീയമാണ്. മറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഈ നാല് വര്‍ഷ ബിരുദ പ്രോഗ്രാമിലേയ്ക്ക് സർവകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസ് ജനറല്‍ / എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയും എസ് സി / എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ്. ബി. എസ്. ഡബ്ല്യു. പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറല്‍ / എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് 2024 ജനുവരി ഒന്നിന് 23 വയസും എസ് സി / എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് 25 വയസുമാണ്.
15 മൈനര്‍ പ്രോഗ്രാമുകള്‍
സംസ്കൃതം-സാഹിത്യം, സംസ്കൃതം – വേദാന്തം, സംസ്കൃതം – വ്യാകരണം, സംസ്കൃതം -ന്യായം, സംസ്കൃതം – ജനറൽ, സംഗീതം, ഡാൻസ് – ഭരതനാട്യം, ഡാൻസ് – മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, അറബിക്, ഉര്‍ദു എന്നിവയാണ് നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ ബി. എസ്. ഡബ്ല്യു. പ്രോഗ്രാമിന് തെരഞ്ഞെടുക്കാവുന്ന മൈനര്‍ പ്രോഗ്രാമുകള്‍. ഇത്രയധികം വിവിധങ്ങളായ പ്രോഗ്രാമുകള്‍ മൈനര്‍ വിഷയങ്ങളായി ഇന്ത്യയില്‍ മറ്റൊരു സര്‍വ്വകലാശാലയിലും ഒരു ബി. എസ്. ഡബ്ല്യു. വിദ്യാര്‍ത്ഥിക്ക് ലഭിക്കില്ല എന്ന പ്രത്യേകതയും ഉണ്ട്.
ഓൺലൈൻ അപേക്ഷകൾ ജൂണ്‍ എഴ് വരെ
സര്‍വ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in) വഴി അപേക്ഷകൾ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ എഴ്. പ്രൊസ്പെക്ടസ് സർവ്വകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്കും പ്രോസ്പക്ടസിനും ഓണ്‍ലൈനായി അപേക്ഷിക്കുവാനുമായി www.ssus.ac.in സന്ദർശിക്കുക.