കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം ഗുരുതര വീഴ്ചയെന്നു കെപിസിസി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി. കോൺഗ്രസ് പാർട്ടിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും കൃപേഷിന്റെയും ശരത്ത് ലാലിന്റെയും മാതാപിതാക്കളെ നേരിട്ട് കാണുമെന്നും അന്വേഷണ സമിതി വ്യക്തമാക്കി.
കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന് പെരിയ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമെന്നും അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കൈമാറും.
കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതാണ് പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ പൊട്ടിത്തെറിയ്ക്ക് വഴി വെച്ചത്. സംഭവത്തില്‍ നടപടി നേരിട്ടതോടെ കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന് പെരിയ ഉള്‍പ്പെടെയുള്ളവരും കൂടെ ഉണ്ടായിരുന്നെന്ന് പെരിയ മണ്ഡലം പ്രസിഡന്റ് ആയിരുന്ന പ്രമോദ് പെരിയ തുറന്നടിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം പി വിമര്‍ശനമുന്നയിച്ചതോടെ ഇത് പരസ്യ പോരിലേക്ക് വഴി മാറി.. ഇതോടെയാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് രണ്ടംഗ കമ്മീഷനെ വിഷയം പഠിക്കാന്‍ നിയോഗിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി രാജ്മോഹൻ ഉണ്ണിത്താനുമായും ഡിസിസി പ്രസിഡന്റുമായും സമിതി വിശദമായ ചർച്ച നടത്തി. ഗുരുതര വീഴ്ചയായാണ് ഇതിനെ കാണുന്നതെന്നും ഇത് സംബന്ധിച്ചു കെപിസിസി അധ്യക്ഷന്‍ റിപ്പോർട്ട് ഉടൻ കൈമാറുമെന്നും നേതാക്കള്‍ അറിയിച്ചു. കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൺ എന്നിവരാണ് അന്വേഷണം നടത്തിയത്.