പാലക്കാട്: സാഹസിക രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധേയനായ കരിമ്പ ഷമീര്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വണ്ടി ഓടിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു ഷമീര്‍. കരിമ്പ ഷമീര്‍ കൂര്‍മ്പാച്ചി മലയില്‍ അകപ്പെട്ട ബാബുവിനെ രക്ഷിക്കുന്ന ദൗത്യസംഘത്തിലുമുണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ ഖനിയപകടത്തിലെ രക്ഷാപ്രവർത്തനത്തിലും സാന്നിധ്യമായിരുന്നു.
ആരും ഇറങ്ങിച്ചെല്ലാന്‍ മടിക്കുന്ന ചെങ്കുത്തായ ഇടങ്ങളിലേക്കും ഉയരങ്ങളിലേക്കും ഭയമില്ലാതെ ഓടിയെത്തുന്ന മനുഷ്യനായിരുന്നു കരിമ്പ ഷമീര്‍. സാഹസികതയുള്ള എന്ത് സഹായം ആവശ്യപ്പെട്ടാലും ഓടിയെത്തും. ഒരു മടിയുമുണ്ടായിരുന്നില്ല. ഡാമിലും പുഴയിലും പാറക്കെട്ടുകളിലും തുടങ്ങി ഭയമില്ലാതെ എവിടെയുമെത്തിയിരുന്ന ഷമീര്‍ ബാബു ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്.
ഏത് വാഹനാപകടമുണ്ടായാലും മറ്റ് ദുരന്തങ്ങളുണ്ടായാലും ഒരു നാട് മുഴുവൻ ആദ്യം വിളിക്കുന്നത് ഷമീറിനെയാണ്. തന്റെ ജീപ്പിനെ ആംബുലൻസ് ആക്കിയും ക്രയിൻ ആക്കിയുമെല്ലാം ഷമീർ ഓടിയെത്തുമെന്ന് അവർക്കുറപ്പായിരുന്നു. വലിയ കെട്ടിടങ്ങളിലേക്കും ആഴമുള്ള കിണറുകളിലേക്കും ലളിതമായി ഇറങ്ങുന്നതിനും കയറുന്നതിനും ഷമീർ വികസിപ്പിച്ചെടുത്ത കരിമ്പ കൊളുത്ത് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു.