ബംഗളൂരു: ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വിഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റു ചെയ്തു. നവീൻ ഗൗഡ, ചേതൻ കുമാർ എന്നിവരെ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയിൽ എത്തിയപ്പോഴാണ് എസ്.ഐ.ടി അറസ്റ്റു ചെയ്തത്.
പ്രജ്വൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ വിതരണം ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഈ വീഡിയോ പ്രചരിപ്പിക്കുകയും ചോർത്തുകയും ചെയ്ത കേസിൽ നേരത്തെ മൂന്ന് ബിജെപി നേതാക്കൾ അറസ്റ്റിലായിരുന്നു. അശ്ലീല വിഡിയോ പ്രചരിച്ചതിനു പിന്നാലെ പ്രജ്വലിന്റെ ഇലക്ഷൻ ഏജന്റ് പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതിയിൽ പരാമർശിച്ച നാലുപേരും ഏപ്രിൽ 23 മുതൽ ഒളിവിലായിരുന്നു. ഇതിൽ രണ്ടു പേരാണ് ഇപ്പോൾ അറസ്റ്റിലായത്. ഇവർക്കു പുറമെ പ്രജ്വലിന്റെ മുൻ ഡ്രൈവർ കാർത്തിക്, കോൺഗ്രസ് പ്രവർത്തകനായ എച്ച്.വി. പുട്ടരാജു എന്നിവരും മുൻകൂർ ജാമ്യം തേടിയിരുന്നു. എന്നാൽ ഹാസൻ ജില്ലാകോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളി.
ഏപ്രിൽ 26നാണ് ഹാസനിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇതിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് പ്രജ്വൽ ഉൾപ്പെട്ട മൂവായിരത്തോളം ലൈംഗിക വിഡിയോകൾ പ്രചരിച്ചത്. ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവുകളും സി.ഡിയും പൊതുസ്ഥലങ്ങളിൽ വിതറുകയായിരുന്നു. ഏപ്രിൽ 27ന് രാജ്യംവിട്ട പ്രജ്വലിനെതിരെ പരാതിയുമായി മൂന്ന് സ്ത്രീകളാണ് രംഗത്തുവന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
അതേസമയം, സംഭവം വിവാദമായതോടെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണ നാട്ടിലേക്ക് മടങ്ങുകയാണ്. മെയ് 30ന് രാത്രി ജർമനിയിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ ഇയാൾ ടിക്കറ്റെടുത്തു. 31ന് നാട്ടിലെത്തും. ഇതിനിടെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. നാട്ടിലെത്തുന്ന പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
വ്യാഴാഴ്ച രാത്രിയോടെ ജർമനിയിൽ നിന്ന് പുറപ്പെടുന്ന ലുഫ്താൻസ വിമാനത്തിലാണ് പ്രജ്വൽ ടിക്കറ്റ് ബുക്ക് ചെയ്തത്. അർധരാത്രി 12.30ഓടെ വിമാനം ബെംഗളൂരു വിമാനത്താവളത്തിലെത്തും. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തി കീഴടങ്ങാമെന്നാണ് പ്രജ്വൽ പറയുന്നത്. എന്നാൽ വിമാനത്താവളത്തിൽ വച്ചു തന്നെ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടീസും പ്രത്യേക കോടതിയുടെ അറസ്റ്റ് വാറന്റും പ്രജ്വലിനെതിരെ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസിന് നേരിട്ട് അറസ്റ്റ് രേഖപ്പെടുത്താനും കഴിയും. രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്നും നിയമപരമായി നേരിടുമെന്നും വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രജ്വൽ പങ്കുവച്ചിരുന്നു. ഇതിലാണ് നാട്ടിൽ തിരിച്ചെത്തി കീഴടങ്ങുമെന്ന് പ്രജ്വൽ വ്യക്തമാക്കിയത്.