India

‘ലോകം ഗാന്ധിയെ അറിഞ്ഞത് സിനിമയിലൂടെ, അതുവരെ ആർക്കും അറിയില്ലായിരുന്നു’: നരേന്ദ്രമോദി

ന്യൂഡൽഹി : ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞത് 1982 ൽ റിച്ചാർഡ‌് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന സിനിമയിലൂടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഗാന്ധിയെ പ്രമോട്ട് ചെയ്തില്ലെന്നും മോദി ആരോപിച്ചു. ഒരു ദേശീയചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിവാദപരാമർശം.

‘മഹാത്മാഗാന്ധി ലോകത്തിലെ വലിയ നേതാവായിരുന്നു. ഈ 75 വര്‍ഷത്തിനിടയില്‍, മഹാത്മാഗാന്ധിയെക്കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ലേ?. സിനിമ വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ ലോകമറിഞ്ഞത്. മാർട്ടിൻ ലുഥർ കിംഗിനെയും നെൽസൺ മണ്ടേലയെയും പോലുള്ള മറ്റ് നേതാക്കളെക്കുറിച്ച് എല്ലാവർക്കും അറിയാമായിരുന്നു. അവർക്ക് സമാനനായ ലോകനേതാവായിട്ടും ഗാന്ധിയെ ആർക്കും അറിയില്ലായിരുന്നുവെന്ന് മോദി പറഞ്ഞു.

മോദിയുടെ വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഗാന്ധിയൻ പൈതൃകം തകർക്കുന്ന വാക്കുകളാണ് മോദിയുടേതെന്ന് ജയറാം രമേശ് പറഞ്ഞു. ഗാന്ധിയൻ സ്ഥാപനങ്ങൾ തകർത്തത് മോദി സർക്കാരാണ്. മഹാത്മാഗാന്ധിയുടെ ദേശീയത മനസിലാക്കാൻ ആർ.എസ്.എസുകാർക്ക് കഴിയുന്നില്ല. അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച അന്തരീക്ഷമാണ് നാഥുറാം ഗോഡ്‌സെയെ ഗാന്ധിവധത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.