തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. സ്വാമി വിവേകാനന്ദ സ്മാരകത്തില്‍ 45 മണിക്കൂറാണ് മോദി ധ്യാനനിമഗ്നനാകുക. എട്ട് ജില്ലാ പൊലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പൊലീസുകാരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്.
അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിച്ചശേഷം മേയ് 30നാണ് മോദി കന്യാകുമാരിയിൽ എത്തുക. അന്ന് വൈകുന്നേരം മുതൽ ജൂൺ ഒന്ന് വൈകുന്നേരം മൂന്നുവരെ 45 മണിക്കൂർനേരം അദ്ദേഹം ധ്യാന മണ്ഡപത്തിലുണ്ടാകും.
തിരുനേൽവേലി ഡി.ഐ.ജി പ്രവേഷ് കുമാർ, ജില്ല പൊലീസ് സൂപ്രണ്ട് ഇ. സുന്ദരവതനം എന്നിവർ സുരക്ഷാ ഒരുക്കങ്ങൾ വിലയിരുത്തി. വിവേകാനന്ദപ്പാറ, ബോട്ട്ജെട്ടി, ഹെലിപ്പാഡ്, കന്യാകുമാരി ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും കടലിൽ കാവലുണ്ടാകും.
നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകിട്ട് 4.55ന് കന്യാകുമാരിയില്‍ എത്തും. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിനു ശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്കു പോകും. ഇന്ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്റര്‍ പരീക്ഷണപ്പറക്കല്‍ നടത്തി. ധ്യാനത്തിനു ശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെ പ്രധാനമന്ത്രി തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.