തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. മോദിയുടേത് പരോക്ഷമായ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനാണ് തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷമുള്ള ധ്യാനം. ഇത് സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറിൽ ആരെയും പ്രത്യക്ഷമായോ പരോക്ഷമായോ പ്രചാരണം നടത്താൻ അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടതായി മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘പ്രധാനമന്ത്രിയുടെ ധ്യാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. പ്രചാരണം തുടരുന്നതിനോ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനോ വേണ്ടിയുള്ള തന്ത്രമാണിത്. ‘മൗനവ്രതം’ ജൂൺ ഒന്നിന് വൈകുന്നേരത്തേക്ക് മാറ്റിവെക്കണമെന്ന് ഞങ്ങൾ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് നാളെതന്നെ ആരംഭിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചാൽ, മാധ്യമങ്ങളോട് അത് സംപ്രേഷണം ചെയ്യരുതെന്ന് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്’ -അഭിഷേക് സിങ്‍വി പറഞ്ഞു.
വ്യാഴാഴ്ച്ചയാണ് മോദി കന്യാകുമാരിയില്‍ ധ്യാനത്തിനായി എത്തുന്നത്. മൂന്ന് ദിവസങ്ങളിലായി 45 മണിക്കൂര്‍ ധ്യാനമിരിക്കും. തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 4.55 ന് കന്യാകുമാരിയില്‍ എത്തുന്ന മോദി അവിടെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ബോട്ടില്‍ വിവേകാനന്ദ പാറയിലേക്ക് പോകും.
എട്ട് ജില്ലാ പൊലീസ് മേധാവിമാര്‍ അടക്കം രണ്ടായിരത്തിലധികം പൊലീസുകാരെ കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെത്തുന്ന സാഹചര്യത്തില്‍ കന്യാകുമാരിയില്‍ സന്ദര്‍ശക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.