കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാന പദ്ധതിയില്‍ പരിഹാസവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.”ആർക്കും ധ്യാനത്തിന് പോകാം, ധ്യാനിക്കുമ്പോൾ ആരെങ്കിലും ക്യാമറയും കൊണ്ടുപോകുമോ? മമത ബാനർജി ചോദിച്ചു. ജാദവ്പൂർ നിയോജക മണ്ഡലത്തിലെ ബരുയിപൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
‘തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പാണ് അദ്ദേഹം ധ്യാനത്തിന്റെ പേരിൽ പോകുന്നതും എ.സി മുറിയിൽ ഇരിക്കുന്നതും. എന്തുകൊണ്ടാണ് ഒരു പാർട്ടിയും ഇതിനെതിരെ ഒന്നും മിണ്ടാത്തത്. കന്യാകുമാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം സംപ്രേഷണം ചെയ്താൽ അത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകും’ -മമത മുന്നറിയിപ്പ് നൽകി.
ദൈവം അയച്ചതാണെന്ന മോദിയുടെ പരാമർശത്തെയും മമത പരിഹസിച്ചു. ”അയാൾ ദൈവമാണെങ്കിൽ പിന്നെ എന്തിന് ധ്യാനിക്കാൻ പോകണം, മറ്റുള്ളവർ അയാളെയാണ് ധ്യാനിക്കുക”-മമത പറഞ്ഞു. മോദിയുടെ കന്യാകുമാരി ധ്യാനം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്താൽ മാതൃകാപെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും മമത ബാനർജി പറഞ്ഞു.
സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായി തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിർമ്മിച്ച വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനാണ് മോദി പദ്ധതിയിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട ക്യാമ്പയിൻ സമാപിച്ചതിന് ശേഷമാണ് മോദി കന്യാകുമാരിയിലേക്ക് പോകുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പു നടക്കുമ്പോൾ പ്രധാനമന്ത്രി ധ്യാനത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മേയ് 30ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകീട്ട് 4.55ന് കന്യാകുമാരിയില്‍ എത്തും. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിന് ശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും. രണ്ടായിരത്തിലധികം പൊലീസുകാരെയാണ് ഇതിനായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്.
ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെയാണ് തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോകുക.