തിരുവനന്തപുരം: 2000 രൂപ കൈക്കൂലി വാങ്ങവേ റവന്യു ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെ റവന്യു ഇന്‍സ്പെക്ടര്‍ എം.പി ഉണ്ണികൃഷ്ണനാണ് കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് പിടിയിലായത്.
പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി പരിധിയിലുള്ള പരാതിക്കാരന്റെ മകള്‍ വാങ്ങിയ വസ്തുവിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിനാണ് കൈക്കൂലി ചോദിച്ചത്. ഇതിനായി ഈ മാസം ഒന്‍പതാം തിയതി അപേക്ഷ സമർപ്പിച്ചിരുന്നു. പല പ്രാവശ്യം ഓഫീസില്‍ ചെല്ലുമ്പോഴും ഉണ്ണികൃഷ്ണന്‍ തിരക്കാനെന്നും നാളെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്നലെ ഓഫീസില്‍ ചെന്നപ്പോള്‍ സ്ഥല പരിശോധനക്കായി ഇന്നു വരാമെന്നും, വരുമ്പോള്‍ 2000 രൂപ തരണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം വിജിലൻസ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിച്ചു.
ഇന്ന് വൈകീട്ട് അഞ്ചിന് സ്ഥല പരിശോധനക്ക് ശേഷം പരതിക്കാരനില്‍ നിന്നും ഉണ്ണികൃഷ്ണന്‍ 2000 കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിലാവുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന്വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.