ന്യൂഡല്‍ഹി: 1982 ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ലോകം അറിഞ്ഞതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധി. ഗാന്ധിയെ അറിയാന്‍ ഒരു സിനിമ കാണേണ്ട ആവശ്യം ഒരു എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിക്കേയുള്ളൂവെന്ന് രാഹുല്‍ പരിഹസിച്ചു. മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം സൂചിപ്പിച്ചായിരുന്നു എക്‌സ് കുറിപ്പിലൂടെ രാഹുലിന്റെ പ്രതികരണം.
മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള സിനിമ ഇറങ്ങുംവരെ അദ്ദേഹത്തെ ലോകത്തിന് അറിയുമായിരുന്നില്ലെന്നായിരുന്നു മോദിയുടെ വാദം. 1982ൽ പുറത്തിറങ്ങിയ റിച്ചാർഡ് ആറ്റൻബറോ ചിത്രം ‘ഗാന്ധി’യെ സൂചിപ്പിച്ചായിരുന്നു മോദിയുടെ അവകാശവാദം. ദേശീയ മാധ്യമമായ ‘എ.ബി.പി ന്യൂസി’നു നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം.
കോൺഗ്രസ് വക്താവ് പവൻ ഖേരയും മോദിയുടെ വാദത്തെ പരിഹസിച്ചു. മോദി പ്രധാനമന്ത്രിയാകുന്നതിനുമുൻപ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമകൾ സ്ഥാപിച്ചതുകൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ മോദി ബെൻ കിങ്സ്ലിയുടെ പ്രതിമകൾ സ്ഥാപിക്കുമായിരുന്നുവെന്നായിരുന്നു പവൻ ഖേരയുടെ പരിഹാസം.
1982 ന് മുമ്പ് മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്ത ലോകത്തിലെ എവിടെയാണ് പുറത്തുപോകാന്‍ ഇരിക്കുന്ന പ്രധാനമന്ത്രി ജിവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പ്രതികരിച്ചു. മഹാത്മാഗാന്ധിയുടെ പൈതൃകം തര്‍ക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ്. അദ്ദേഹത്തിന്റെ സര്‍ക്കാരാണ്. അവരാണ് വാരാണസിയിലെയും ഡല്‍ഹിയിലെയും അഹമ്മദാബാദിലെയും ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ തകര്‍ത്തത് എന്നും ജയറാം രമേശ് വിമര്‍ശിച്ചു.
ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗാന്ധിയുടെ പിന്‍തുടര്‍ച്ചക്കാരും അദ്ദേഹത്തെ വധിച്ച നാഥുറാം ഗോഡ്‌സെയുടെ പിന്‍തുടര്‍ച്ചക്കാരും തമ്മിലുള്ള പോരാട്ടമാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.