തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ മൂല്യനിർണയത്തിൽ വിഷയ മിനിമം കൊണ്ടുവരുന്നതിൽ വിദ്യാഭ്യാസ മന്ത്രിക്കും പൂർണപിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിനെതിരെ വിയോജിച്ച ഭരണപക്ഷ അധ്യാപക സംഘടനകളെ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ആ രീതിയിൽതന്നെ മുന്നോട്ടുപോകണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കോൺക്ലേവിൽ എസ്.എസ്.എൽ.സി മൂല്യനിർണയ പരിഷ്കരണത്തിനെതിരെ സി.പി.എം അനുകൂല സംഘടനകളായ കെ.എസ്.ടി.എയും എസ്.എഫ്.ഐയും എതിർപ്പുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കെടുത്ത വേദിയിൽതന്നെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
എസ്എസ്എൽസിക്ക് മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കുമ്പോൾ പിന്തള്ളപ്പെടുന്നത് പിന്നാക്ക വിഭാഗക്കാരായിരിക്കുമെന്നു വിദ്യാഭ്യാസ കോൺക്ലേവിൽ വാദിച്ച കെഎസ്ടിഎക്ക്, കണക്കുകൾ സഹിതം മന്ത്രി വി.ശിവൻകുട്ടി വീണ്ടും മറുപടി നൽകി. ‘അക്കാദമിക് നിലവാരം ഉയർത്തണമെന്നു പറയുമ്പോൾ അത് പിന്നാക്കക്കാരായ കുട്ടികളെ ബാധിക്കുമെന്നു പറയുന്നത് ശരിയല്ല. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ പട്ടികവർഗ വിദ്യാർഥികളുടെ വിജയശതമാനം 98.43 ആയിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ വിജയവും ഇതുപോലെയാണ്. ഏതെങ്കിലും കുട്ടിക്ക് മാർക്ക് കുറവുണ്ടെങ്കിൽ സേ പരീക്ഷ എഴുതി ഉന്നത വിദ്യാഭ്യാസത്തിന് ചേരാനും അവസരമുണ്ട്’ – ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ചൂണ്ടിക്കാട്ടി.