Kerala

എക്‌സാലോജികിന്റെ വിദേശ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം; ഷോണ്‍ ജോര്‍ജ്ജിൻ്റെ ഉപഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: എക്സാലോജിക് കമ്പനിയുടെ പേരിൽ അബുദാബി കോമേഷ്യൽ ബാങ്കിലുള്ള അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ് നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജിയിലും ഹൈക്കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

വീണ വിജയന്റെ എക്‌സാലോജിക് കമ്പനി വിദേശത്തും സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നായിരുന്നു ഷോണ്‍ ജോര്‍ജ്ജിന്റെ ആരോപണം. വിവാദ കമ്പനികളായ എസ്എന്‍സി ലാവ്‌ലിനും പ്രൈസ്ഹൗസ് വാട്ടര്‍ കൂപ്പേഴ്‌സും എക്‌സാലോജികിന് പണം നല്‍കിയെന്നാണ് ഉപഹര്‍ജിയിലെ ആക്ഷേപം. വീണ വിജയന്റെ വിദേശത്തെ സാമ്പത്തിക ഇടപാടുകളിലും എസ്എഫ്‌ഐഒ അന്വേഷണം നടത്തണമെന്നാണ് ഉപഹര്‍ജിയിലെ ആവശ്യം. പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. ആക്ഷേപം കേന്ദ്ര കമ്പനികാര്യ മന്ത്രാലയവും എസ്എഫ്‌ഐഒയും അന്വേഷിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ഷോണ്‍ ജോര്‍ജ്ജിന്റെ ആവശ്യമാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

കെ.എസ്.ഐ.ഡി സി നോമിനിക്ക് സി.എം.ആർ.എൽ കമ്പനിയിൽ നടന്നത് അറിയില്ലെന്ന് പറയുന്നത് യുക്തിരഹിതമെന്നാണ് ഹൈക്കോടതി ചൂണ്ടികാട്ടിയിരുന്നു. സി.എം.ആർ.എല്ലിന്‍റെ സംശയകരമായ ഇടപാടുകൾ സംബന്ധിച്ച് കെ.എസ്.ഐ.ഡി.സി ജാഗ്രത പുലർത്തിയില്ലെന്ന് കോർപ്പറേറ്റ് മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചിരുന്നു.