കൊച്ചി : പൊലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പൊലീസിന്റെ അധികാരം എല്ലാ കാലത്തും നിലനിൽക്കുമെന്ന് കരുതരുതെന്ന് ഹൈക്കോടതി താക്കീത് നൽകി. ജനങ്ങളെ ‘എടാ’, ‘പോടാ’ വിളിക്കാതെയും തെറി പറയാതെയും മോശം വാക്കുകൾ ഉപയോഗിക്കാതെയും പൊലീസിന് പ്രവർത്തിക്കാൻ അറിയില്ലേ എന്ന് ഹൈക്കോടതി ആരാഞ്ഞു. മോശം വാക്കുകൾ ഉപയോഗിച്ചാൽ ജനങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്ന് പൊലീസിനോട് ആരാണ് പറഞ്ഞതെന്നും മേലുദ്യോഗസ്ഥരെ അത്തരം വാക്കുകൾ ഉപയോഗിച്ച് വിളിക്കാൻ പൊലീസ് തയാറാകുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
അത്തരത്തിൽ വിളിച്ചാൽ വിവരമറിയും എന്നുള്ളത് കൊണ്ട് വിളിക്കില്ലെന്നും അധികാരമില്ലാത്ത ജനങ്ങളോട് ഇത്തരം കാര്യങ്ങൾ ആവാം എന്ന് കരുതരുത്. ഈ അധികാരം എല്ലാക്കാലത്തും നിലനിൽക്കുമെന്ന് കരുതരുതെന്നും കോടതി ഓർമ്മപെടുത്തി. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.
ജനങ്ങളാണ് തങ്ങളുടെ യജമാനർ എന്ന ബോധ്യം പൊലീസിന് ഉണ്ടാവണം. ഭരണഘടനാപരമായ കാര്യമാണിതെന്നും അതിന് മാനിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സ്വതന്ത്രമായി 75 വർഷം കഴിഞ്ഞിട്ടും കൊളോണിയൽ മനോഭാവം മാറിയില്ല എന്നത് ശരിയല്ല. ജനങ്ങൾ പേടിയോടുകൂടി പൊലീസിനെയും പൊലീസ് സ്റ്റേഷനെയും സമീപിക്കുന്ന സാഹചര്യം മാറണം. സ്ത്രീകളും കുട്ടികളുമൊക്കെ പേടിച്ചിട്ട് പൊലീസ് സ്റ്റേഷനിലേക്ക് വരുമോ? ഭീതിയുടെ അന്തരീക്ഷം മാറ്റണം. സംസ്കാരവും മര്യാദയുമുള്ള ആധുനിക പൊലീസ് സേനയായി മാറണം എന്നതു കൊണ്ടാണ് ഈ കാര്യങ്ങൾ പറയുന്നത്– ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദീകരിച്ചു.