അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പുഷ്പ : ദി റൂൾ. ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രമായ പുഷ്പ: ദി റൈസിൻ്റെ വൻ വിജയം വലിയ പ്രതീക്ഷയാണ് രണ്ടാം ഭാഗത്തിന് നൽകുന്നത്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് സെറ്റിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ചിത്രത്തെ കുറിച്ചുള്ള ലീക്കുകൾക്കായി സോഷ്യൽ മീഡിയയിലടക്കമുള്ള താൽപ്പര്യങ്ങൾ കണക്കിലെടുത്താണ്, നിർമ്മാതാക്കളുടെ പുതിയ നടപടി. പ്രേക്ഷകർക്ക് സർപ്രൈസുണ്ടാക്കുന്ന ട്വിസ്റ്റുകൾ നിലനിർത്താനായാണ് കഥയുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതെന്നാണ് വിവരം.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളുടെ രഹസ്യ സ്വഭാവം നിലനിർത്താൽ രണ്ട് ക്ലൈമാക്സുകൾ ചിത്രീകരിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതിലേത് ഭാഗമായിരിക്കും ചിത്രത്തിലുണ്ടാകുക എന്നതിൽ, അണിയറപ്രവർത്തകർക്ക് പോലും സുചന നൽകിയിട്ടില്ല. പുഷ്പ ഫ്രാഞ്ചൈസിയായി മാറ്റുമെന്ന് അല്ലു അർജുൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
പുഷ്പ 2: ദി റൂളിൽ അല്ലുവിനെ കൂടാതെ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ഭണ്ഡാരി, സുനിൽ എന്നിവരും അണിനിരക്കുന്നുണ്ട്. പുഷ്പയുടെ ആദ്യഭാഗത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് അർജുൻ നേടിയിരുന്നു എന്നതും പുഷ്പ 2 വിൻ്റെ വരവിന് ആവേശം പകരുന്നുണ്ട്.
സുകുമാർ റൈറ്റിംഗ്സിനൊപ്പം മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ച പുഷ്പ 2: ദി റൂൾ എക്കാലത്തെയും ചെലവേറിയ ഇന്ത്യൻ സിനിമകളിൽ ഒന്നാണെന്ന് പറയപ്പെടുന്നു. ദേവി ശ്രീ പ്രസാദിൻ്റെ സംഗീതവും, മിറോസ്ലാവ് കുബ ബ്രോസെക്കിൻ്റെ ഛായാഗ്രഹണവും, കാർത്തിക ശ്രീനിവാസിൻ്റെയും റൂബൻ്റെയും എഡിറ്റിംഗും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു. ചിത്രം 2024 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്യും.