കോഴിക്കോട് : ഏഴോളം പേർക്ക് ഇടിമിന്നലേറ്റു. സൗത്ത് കടപ്പുറത്ത് കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ രണ്ട് മണിയോടെയാണ് സംഭവം. അഷ്റഫ്, അനിൽ, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്ദുൽ ലത്തീഫ് എന്നിവർക്കാണ് മിന്നലേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിന്നലേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട് കാര്യമായി മഴ പെയ്യുന്നില്ലെങ്കിലും ഉച്ചയ്ക്ക് പലയിടത്തും ശക്തമായ മിന്നലുണ്ടായി. അതേസമയം, കളിക്കുന്നതിനിടെ കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മാലിക്കാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 6 ദിവസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മേയ് 24 നാണ് അപകടം. വീടിൻ്റെ ടെറസിൽ കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന വയർ മുകളിൽ കൂടി കടന്ന് പോകുന്ന 110 കെവി ലൈനിൽ തട്ടിയാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഒരാഴ്ച്ചത്തോളം മെഡിക്കൽ കോളേജിൽ ചികിത്സ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.