കൊച്ചി : ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം സെമിനാറും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന യോഗത്തിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഷോജൻ.എ.പി അധ്യക്ഷത വഹിച്ചു.
‘ആധുനിക സമൂഹവും ലഹരിയുടെ വിപത്തും’ എന്ന വിഷയത്തെ അധികരിച്ച് എക്സൈസ് ഓഫീസർ വിബിൻ ബോസ് മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം മഹാരാജാസ് കോളേജ്, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, തൃശ്ശൂർ വിമല കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബ് ശ്രദ്ധേയമായി. പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു.
സെമിനാറിന്റെ ഭാഗമായി ബി.ജെ.പ്രദീപ് പ്രശ്നോത്തരിയും നയിച്ചു. യോഗത്തിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസർ ലെഫ്.കേണൽ റീത്താമ്മ.വി.ജെ (റിട്ട.), സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസർ സി.എൻ.രാധാകൃഷ്ണൻ, റിസർച്ച് അസിസ്റ്റന്റ് മനില.കെ.കെ, സൂര്യ നാരായൺ തുടങ്ങിയവർ സംസാരിച്ചു.