കണ്ണൂർ: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ. കൊൽക്കത്ത സ്വദേശി സുരഭി കാത്തൂണാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. 960 ഗ്രാം സ്വർണമാണ് പിടികൂടിയത്.
മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ്സിലെ ക്യാബിൻ ക്രൂ ആയിരുന്നു സുരഭി. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് ഡിആര്‍ഐ പ്രതികരിച്ചു.
പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇവരെ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി.ആര്.ഐ. വൃത്തങ്ങള്‍ അറിയിച്ചു. മുമ്പ് പലതവണ ഇവര്‍ സ്വര്‍ണ്ണം കടത്തിയതായാണ് ഇതുവരെ ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നത്