തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് (വ്യാഴാഴ്ച) കാലവര്‍ഷം എത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലില്‍ കേരളതീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുമുണ്ട്. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത ഏഴു ദിവസം വ്യാപകമായി ഇടി/ മിന്നല്‍/കാറ്റ് (മണിക്കൂറില്‍ 30- 40 കിലോമീറ്റര്‍) കൂടിയ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴയ്ക്കും മെയ് 30 മുതല്‍ ജൂണ്‍ മൂന്നു വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സംസ്ഥാനത്ത് വിവിധഭാഗങ്ങളില്‍ കനത്തമഴ തോരാതെ നില്‍ക്കുകയാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ജനജീവിതത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. കോഴിക്കോട് ഇന്ന് ഉച്ചയ്ക്കുണ്ടായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. ഇരിങ്ങത്ത് പടിഞ്ഞാറ്റിടത്ത് മീത്തല്‍ ഗിരീഷിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. വീടിനടുത്തുള്ള കനാലിന്റെ ഓരത്തുള്ള വലിയമരം കടപുഴകി വീണാണ് വീട് തകര്‍ന്നത്. അപകടസമയത്ത് വീടിനകത്തുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിരവധിതവണ പരാതി നല്‍കിയിട്ടും ഇറിഗേഷന്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ രാവിലെ മുതൽ കനത്ത മഴ. കുറ്റ്യാടി കരന്തോട്, ഊരത്ത് എന്നിവിടങ്ങിൽ റോഡിൽ തെങ്ങുകൾ കടപുഴകി വീണു ഗതാഗതവും, വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. വാണിമേൽ അങ്ങാടിയിൽ വെള്ളക്കെട്ട്. തിക്കോടി പയ്യോളി റൂട്ടിൽ ദേശീയപാത സർവ്വീസ് റോഡിൽ വെള്ളക്കെട്ട്. ഇന്ന് രാവിലെ മുതൽ പെയ്ത കനത്ത മഴയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടും നേരിട്ടു.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എം.എം. മുതല്‍ 204.4 എം.എം. വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട്കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വരുംദിവസങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍
31-05-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
01-06-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
02-06-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
03-06-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.