മലയാളികൾക്ക് യു.എ.ഇ.യിൽ തൊഴിൽതേടാനും വിവിധ മേഖലകളിൽ വിദഗ്ധപരിശീലനം നേടാനും കേരളസർക്കാരിന്റെ സഹായം. സംസ്ഥാന സർക്കാരിനുകീഴിലെ കേരള നോളജ് ഇക്കണോമി മിഷൻ (കെ.കെ.എം.എം.), കേരളാ ഡിവലപ്മെൻറ് ആൻഡ് ഇനവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) എന്നിവ വേൾഡ് മലയാളി കൗൺസിലുമായിച്ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് ദുബായിൽ തുടക്കമായി.
വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജൻ ഗുഡ്‌വിൽ അംബാസഡർ എൻ. മുരളീധരപ്പണിക്കരുടെ ഉടമസ്ഥതയിലുള്ള ദുബായിലെ മറൈൻ സ്ഥാപനത്തിലാണ് ആദ്യമായി പദ്ധതി തുടങ്ങിയത്. സ്ഥാപനത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ കെ.കെ.എം.എം., കെ-ഡിസ്‌ക് മുഖേന ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കും. മറൈൻ സർവീസ് മേഖലയിൽ ലോകോത്തരനിലവാരത്തിൽ നൈപുണിപരിശീലനത്തിനും അവസരവുമുണ്ടാകും.
വിജ്ഞാനമൂലധനവും തൊഴിൽ നൈപുണിയും വികസിപ്പിക്കാൻ കേരളത്തിനൊപ്പമുണ്ടാകുമെന്ന് എൻ. മുരളീധരപ്പണിക്കർ പറഞ്ഞു. കേരളത്തിൽനിന്നുള്ള തൊഴിൽ അന്വേഷകരെയും തൊഴിൽസംരംഭകരെയും ഗൾഫിൽ ഒന്നിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കുന്നത് സന്തോഷകരമാണെന്ന് കെ-ഡിസ്ക് സി.ഇ.ഒ. ഡോ. പി.വി. ഉണ്ണികൃഷ്ണൻ പറഞ്ഞു. വികസനമേഖലയിൽ കേരളം മുന്നോട്ടുകുതിക്കാൻ ആവശ്യമായ സഹായം ചെയ്യുമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി വ്യക്തമാക്കി, പദ്ധതിയുടെ ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ ഡോ. ജെറോ വർഗീസ്, രാജേഷ് പിള്ള, ബൈജു എ.വി, ഡയസ് ഇടിക്കുള എന്നിവരും പങ്കെടുത്തു.