വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് കോട്ടയം – ഇടുക്കി അതിർത്തി പ്രദേശങ്ങൾ . വെള്ളച്ചാട്ടവും അരുവികളും തടാകങ്ങളും പ്രകൃതിരമണീയമായ സ്ഥലങ്ങളും ഇവിടെ സഞ്ചാരികളെ കാത്തിരിപ്പുണ്ട്. കുന്നും മലയും കയറിച്ചെന്നു വേണം അവിടെയെത്താൻ. ഇല്ലിക്കക്കല്ലും ഇലവീഴാപൂഞ്ചിറ യും കാണാൻ എത്തുന്നവർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത സ്ഥലമാണ് കട്ടിക്കയം.
കട്ടിക്കയം വെള്ളച്ചാട്ടം കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടവും ഇല്ലിക്കലും തമ്മിൽ ഏകദേശം 4 കിലോമീറ്റർ വ്യത്യാസം മാത്രമേയുള്ളൂ. മെയിൻ റോഡിൽ നിന്ന് ഒരു കിലോമീറ്റർ ഓളം സഞ്ചരിച്ചാൽ കട്ടിക്കയം വെള്ളച്ചാട്ടത്തിന്റെ സമീപത്ത് എത്തുന്നു. ഇവിടേക്കുള്ള യാത്രയ്ക്ക് ചക്രവാഹനങ്ങൾ കാർ ജീപ്പ് എന്നിവയെ ആശ്രയിക്കാം. എന്നാൽ വെള്ളച്ചാട്ടത്തിലേക്ക് നടന്നുവേണം പോകാൻ. വാഹനങ്ങൾ പാർക്ക് ചെയ്യണം. സംഘമായി ബസിൽ എത്തുന്നവരാണെങ്കിൽ പ്രധാന റോഡിൽ ബസ് നിർത്തിയ ശേഷം കാൽനടയായി എത്താനാകും.
വെള്ളച്ചാട്ടത്തിന് അടുത്തേക്കുള്ള യാത്ര ദുഷ്കരമാണ്. കുറച്ചുദൂരം മാത്രം നടപ്പാത പോലെയുണ്ടെങ്കിലും തുടർന്ന് കുത്തനേയുള്ള കല്ലുകളിൽ കൂടിവേണം ഇറങ്ങാൻ. ചെറിയ ചെടികളിലും മരങ്ങളിലും വേരുകളിലും പിടിച്ചുവേണം താഴേക്ക് ഇറങ്ങാൻ. താഴേക്ക് ഇറങ്ങുമ്പോൾ തന്നെ വെള്ളച്ചാട്ടത്തിൻ്റെ ശബ്ദം കേൾക്കാം.
പാറക്കെട്ടുകൾക്ക് ഇടയിലൂടെ വെള്ളച്ചാട്ടത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നതിൻ്റെ ശബ്ദം മുകളിൽ നിന്ന് തന്നെ കേൾക്കാം. വെള്ളം താഴേക്ക് വീഴുന്നത് വ്യക്തമായി കാണനാകില്ലെങ്കിലും മനോഹരമായ ദൃശ്യമാണ് കൺമുന്നിലെത്താൻ പോകുന്നതെന്ന് വ്യക്തമാകും.
കഠിനമായ യാത്രക്കുള്ളിൽ മനസ്സ് നിറയ്ക്കുന്ന കാഴ്ചയാണ് കാത്തിരിക്കുന്നത്. ഏകദേശം അൻപത് അടി ഉയരത്തിൽ നിന്ന് വെള്ളം താഴേക്ക് പതിച്ച് പതഞ്ഞ് ഒഴുകുന്ന കാഴ്ച ഒന്നൊന്നര കാഴ്ചയാണ്. വെള്ളച്ചാട്ടത്തിന് താഴെയുള്ള തടാകമാണ് കട്ടിക്കയത്തെ പ്രധാന ആകർഷണം. ചുറ്റും മരങ്ങൾ നിറഞ്ഞുനിൽക്കുന്നതിനാലും മറ്റ് ശബ്ദങ്ങൾ ഇവിടേക്ക് എത്താത്തതിനാലും കാടിനുള്ളിലെ ഒരു വെള്ളച്ചാട്ടത്തിന് മുന്നിൽ നിൽക്കുന്ന ഫീൽ ആണ് ഇവിടെ ലഭിക്കുക. ചില ഘട്ടങ്ങളിൽ കോട നിറഞ്ഞ അവസ്ഥയാകും.
ഇവിടുത്തെ തണുത്ത തെളിഞ്ഞ വെള്ളത്തിൽ കുളിക്കുന്നതിൽ നിയന്ത്രണങ്ങൾ ഇല്ല. പക്ഷേ അപകട സാധ്യത വളരെ കൂടുതലാണ്. കേരളത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത വെള്ളച്ചാട്ടങ്ങളിൽ ഒന്നായാണ് കട്ടിക്കയം പരിഗണിക്കപ്പെടുന്നത്. മുൻപ് നിർമിച്ചിരുന്ന സുരക്ഷാ സംവിധാനങ്ങളെല്ലാം തകർന്ന അവസ്ഥയിലാണ്. തടാകത്തിനടിയിലെ പാറയിലെ വിടവുകൾ അപകടമുണ്ടാക്കുന്നതാണ്. വെള്ളച്ചാട്ടത്തിന് അടുത്തേക്ക് കൂടുതലായി പോകുന്നത് അപകടകരമാണ്.
ഒറ്റനോട്ടത്തിൽ താഴ്ച കുറവാണെന്ന് തോന്നുമെങ്കിലും പലയിടങ്ങളിലും താഴ്ചയുണ്ട്. മണ്ണിൽ കാൽ താഴ്ന്നുപോകാനുള്ള സാധ്യതയുമുണ്ട്. വെള്ളച്ചാട്ടം കണ്ടശേഷം മുകളിലേക്കുള്ള യാത്ര കുറച്ച് ബുദ്ധിമുട്ട് നിറഞ്ഞതാണ്. അതിനാൽ സൂക്ഷിച്ചുവേണം ഇരുവശങ്ങളിലേക്കും യാത്ര ചെയ്യാൻ.
കട്ടിക്കയത്തേക്ക് കോട്ടയം വഴിയും തൊടുപുഴ വഴിയും എളുപ്പത്തിലെത്താം. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല് കാണാനെത്തുന്നവർക്ക് എളുപ്പത്തിൽ കട്ടിക്കയം വെള്ളച്ചാട്ടത്തിലെത്താം.