വ്യത്യസ്തമായ യാത്ര അനുഭവങ്ങൾ സമ്മാനിക്കുന്ന ജില്ലയാണ് കോട്ടയം. ഇടുക്കി പോലെ തന്നെ ചേർന്ന് കിടക്കുന്ന കോട്ടയം ജില്ലയിലും അതിമനോഹരമായ സ്ഥലങ്ങളുണ്ട്. കോട്ടയം ജില്ലയിലെ പ്രധാന വിനോദഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയിലാണ് സഞ്ചാരികൾ. മീശപ്പുലിമലയും ഇലവീഴാപൂഞ്ചിറയും തുടങ്ങി സഞ്ചാരികളുടെ കണ്ണിനും മനസിനും കുളിര്മയേകുന്ന സ്ഥലങ്ങൾ കോട്ടയത്ത് കാത്തിരിപ്പുണ്ട്. വൺഡേ ട്രിപ്പ് ആയി പോകാൻ കഴിയുന്ന ഒത്തിരി സ്ഥലങ്ങൾ കോട്ടയത്തുണ്ട്. ഒറ്റ ദിവസം കോട്ടയത്തെ പ്രധാന നാല് സ്ഥലങ്ങൾ കാണാൻ സാധിക്കുന്ന പ്ലാൻ ആണ് ഇനി പറയാൻ പോകുന്നത്.
ഇല്ലിക്കൽകല്ല്
കോട്ടയം ജില്ലയിലെ ഇരാറ്റുപേട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഇല്ലിക്കൽകല്ല്. നിങ്ങൾ ഒരു യാത്രാ പ്രേമിയാണെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിത്. മഞ്ഞിൽ പൊതിഞ്ഞ മലനിരകളും, തുടർച്ചയായി വീശുന്ന കാറ്റും, നൂൽമഴയുമെല്ലാം ഇല്ലിക്കൽ കല്ലിന്റെ പ്രത്യേകതകളാണ്.നിരവധി ഔഷധസസ്യങ്ങൾ ഇല്ലിക്കൽ മലയുടെ മുകളിൽ വളരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.മനോഹരവും സാഹസികത നിറഞ്ഞതുമാണ് ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്ര.
മീനച്ചിലാറിൻ്റെ പ്രഭവകേന്ദ്രമായിട്ടാണ് ഇവിടെം അറിയപ്പെടുന്നത്. നേരിയ മഴയും കോടയുമുള്ള കാലാവസ്ഥയുമുള്ള സമയത്തുവേണം ഇല്ലിക്കൽകല്ല് കാണാനുള്ള ഏറ്റവും നല്ല സമയം. കാറ്റിനൊപ്പം കോട നീങ്ങുമ്പോൾ അകലെ നിന്നും ഇല്ലിക്കൽകല്ല് തെളിഞ്ഞുവരുന്ന കാഴ്ച ഒന്നൊന്നര കാഴ്ചയാണ്. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വിനോദസഞ്ചാരികൾക്ക് ഇവിടേക്ക് എത്തിച്ചേരാനാകും.
ഇലവീഴാപൂഞ്ചിറ
കോട്ടയം ജില്ലയിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് സ്പോട്ടാണ് ഇലവീഴാപൂഞ്ചിറ. കോട്ടയം – ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടേക്കുള്ള യാത്ര എളുപ്പമാണ്. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലുള്ള ഇലവീഴാപൂഞ്ചിറ എപ്പോഴും വീശിയടിക്കുന്ന കാറ്റിനാൽ സമ്പന്നമാണ്. പ്രദേശത്ത് മരങ്ങളൊന്നുമില്ലാത്തതിനാലാണ് ഇലവീഴാപൂഞ്ചിറ എന്ന പേരു ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.
കാൽനടയായി വേണം ഇലവീഴാപൂഞ്ചിറയുടെ കാഴ്ച കാണാൻ. കുന്നുകയറി മുകളിലെത്തിയാൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകൾ കാണാനാകും. ശക്തമായ കാറ്റുള്ളതിനാൽ ഒരു ഇല്ല പോലും വീഴില്ല എന്നുള്ളത് കൊണ്ടാണ് ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറ എന്ന് പേര് ലഭിച്ചതെന്ന കഥയാണുള്ളത്.
കട്ടിക്കയം വെള്ളച്ചാട്ടം
കട്ടിക്കയം വെള്ളച്ചാട്ട നിഗൂഢമായ വെള്ളച്ചാട്ടമെന്ന് പറയുന്നതിൽ തെറ്റുണ്ടാകില്ല. കൂറ്റൻ മരങ്ങളുടെയും പാറക്കെട്ടുകളുടെയും ഇടയിലാണ് കട്ടിക്കയം വെള്ളച്ചാട്ടം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപമാണ് മനോഹരമായ ഈ വെള്ളച്ചാട്ടമുള്ളത്. ഇല്ലിക്കൽകല്ലിനും ഇലവീഴാപൂഞ്ചിറയ്ക്കും സമീപത്താണ് കട്ടിക്കയം വെള്ളച്ചാട്ടം. ഇല്ലിക്കൽകല്ലിൽ നിന്ന് വേഗത്തിൽ ഇവിടേക്ക് എത്തിച്ചേരാനാകും. കുത്തനെ താഴേക്ക് ഇറങ്ങിച്ചെന്നാൽ മാത്രമേ വെള്ളച്ചാട്ടം കാണാനാകൂ. കേരളത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത വെള്ളച്ചാട്ടങ്ങളിലൊന്നായിട്ടാണ് കട്ടിക്കയം വെള്ളച്ചാട്ടം അറിയപ്പെടുന്നത്.
മാർമല അരുവി വെള്ളച്ചാട്ടം
ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമായ മാർമല അരുവി കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ്. സമുദ്രനിരപ്പിൽ നിന്ന് 3,000 അടി ഉയർത്തിലാണ് മലനിരകളാണ് ഇവിടെയുള്ളത്. ഉയരത്തിൽ നിന്ന് ശക്തമായ രീതിയിൽ വെള്ളം പതഞ്ഞ് താഴേക്ക് വീഴുന്ന കാഴ്ച ഏതെരു സഞ്ചാരിക്കും മറക്കാനാകാത്ത അനുഭവം സമ്മാനിക്കും. അതുപോലെ നിരവധി അപകടങ്ങൾ വെള്ളച്ചാട്ടവുമാണ് മാർമല അരുവി വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് താഴെ പ്രകൃതിദത്തമായ തടാകമുള്ളതാണ് മാർമല അരുവി വെള്ളച്ചാട്ടത്തിൻ്റെ ഭംഗി വർധിപ്പിക്കുന്നത്.