ശ്രീനഗർ: ജമ്മു കശ്മീരില്‍ പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറി പോലീസുകാരെ ആക്രമിച്ചതിന് മൂന്ന് ആർമി ഓഫീസർമാരടക്കം 16 സൈനികർക്കെതിരെ ജമ്മു കശ്മീർ പോലീസ് കേസെടുത്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഉള്‍പ്പെടെ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് സൈനികർ പൊലീസ് സ്റ്റേഷനിലേക്ക് കയറുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.
ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട്, ടെറിട്ടോറിയൽ ആർമി ജാവാന്‍റെ വീട്ടിൽ ചൊവ്വാഴ്ച പൊലീസ് പരിശോധന നടത്തുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് രാത്രി 9.30നു ശേഷം സൈനികർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു എന്നും, യാതൊരു പ്രകോപനവുമില്ലാതെ പൊലീസുകാരെ ക്രൂരമായി മർദിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. കുപ്‌വാര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ സൈനിക സംഘം പൊലീസുകാരെ റൈഫിളും വടികളും ഉപയോഗിച്ച് മർദിക്കുകയും ഒരു പൊലീസുകാരനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ കോൺസ്റ്റബിൾമാരായ സലീം മുഷ്താഖ്, സഹൂർ അഹ്മദ്, സ്പെഷൽ പൊലീസ് ഓഫീസർമാരായ ഇംതിയാസ് അഹ്മദ് മാലിക്, റയീസ് ഖാൻ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം പോലീസുകാരെ ആക്രമിച്ചില്ലെന്നും ചെറിയ അഭിപ്രായ വ്യത്യാസം മാത്രമാണുണ്ടായതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പോലീസും പട്ടാളക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും പോലീസുകാരെ മർദ്ദിച്ചെന്നുമുള്ള റിപ്പോർട്ടുകള്‍ അവാസ്തവമാണ്. പോലീസും പ്രദേശിക സൈനിക വിഭാഗവും തമ്മിലുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്നും പ്രതിരോധ വക്താവ് പറഞ്ഞു.
പോലീസ് ലഫ്റ്റനൻ്റ് കേണല്‍ റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 16 സൈനികരുടെ പേരിലാണ് കേസെടുത്തത്. കലാപം, കൊലപാതകശ്രമം, പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതക കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.