കൊച്ചി: സര്‍ക്കാര്‍ ഭൂമി കയ്യേറി ദേവാലയങ്ങള്‍ പണിയുന്നത് തടയണമെന്ന് ഹൈക്കോടതി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ സ്ഥലത്ത് അനധികൃതമായി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ ആറു മാസത്തിനുള്ളില്‍ പൊളിച്ചുമാറ്റണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
അനധികൃത നിർമാണങ്ങൾ സംബന്ധിച്ച് അന്വേഷിച്ച് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം. സർക്കാർ ഭൂമിയിൽ മതപരമായ കല്ല്, കുരിശ് തുടങ്ങിയവയോ ആരാധനാലയങ്ങളോ സ്ഥാപിച്ചിട്ടുണ്ടോയെന്ന് വില്ലേജ് ഓഫിസർമാരും തഹസീൽദാർമാരും വഴി അന്വേഷിക്കാൻ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകണം. അന്വേഷണം ആറുമാസത്തിനകം പൂർത്തിയാക്കിയ ശേഷം അനധികൃതമായി കണ്ടെത്തിയവ ആറുമാസത്തിനകം കലക്ടർമാർ ഒഴിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
സ്വന്തം ശരീരത്തിലടക്കം ദൈവം എവിടെയുമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അധികവും. അതിനാൽ, സർക്കാർഭൂമി കൈയേറി ആരാധനാലയം സ്ഥാപിക്കേണ്ട ആവശ്യമില്ല. ഒരാൾക്ക് അനുവദിച്ചാൽ മറ്റ് മതസ്ഥരും തുടങ്ങും. ഇത് പ്രശ്നങ്ങൾക്കിടയാക്കും. ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം സമുദായ സ്പർധ വളർത്തുന്ന നടപടികൾക്കുള്ള അവകാശമല്ലെന്ന് കോടതി വിലയിരുത്തി.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സഹായം തേടി ഹൈക്കോടതിയെ സമീപിച്ചത്. തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന വിശ്വാസികളായ തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് തുടക്കത്തില്‍ താല്‍ക്കാലിക അമ്പലങ്ങളും മറ്റ് ആരാധനാ കേന്ദ്രങ്ങളും പണിയാന്‍ അനുമതി നല്‍കിയത്. പിന്നീട് തദ്ദേശവാസികള്‍ ഇവയുടെ ഭരണസമിതിയില്‍ കടന്നുകൂടി സര്‍ക്കാര്‍ ഭൂമി കയ്യേറി വലിയ കെട്ടിങ്ങള്‍ വരെ നിര്‍മ്മിച്ചു. ഒഴിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും അവകാശങ്ങള്‍ സ്ഥാപിക്കാനും തുടങ്ങിയെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ ഘട്ടത്തിലാണ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
പത്തനംതിട്ട ജില്ലയില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലാണ് വ്യാപകമായ കയ്യേറ്റം നടന്നതായി കണ്ടെത്തിയിട്ടുള്ളത്. ചന്ദപ്പള്ളി, മൊട്ടപ്പാറ, ചന്ദനതടിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അനധികൃത നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും നടന്നിരിക്കുന്നത്. ആരാധനാ സ്വാതന്ത്ര്യത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.