യു.എ.ഇ.യുടെ ധാതുക്കളുടെയും പുനഃരുപയോഗ വിഭവങ്ങളുടെയും ത്രിമാന ഭൂപടങ്ങൾ നിർമിക്കാൻ ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രാലയവും ടെക്നോളജി ഇനൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും (ടി.ഐ.ഐ.) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
യു.എ.ഇ.യുടെ നെറ്റ് സീറോ 2050 സ്ട്രാറ്റജിക്ക് അനുസൃതമായി പ്രകൃതിവിഭവങ്ങൾ പര്യവേക്ഷണംചെയ്യാൻ യു.എ.ഇ. സർക്കാരിനെ പ്രാപ്തമാക്കാനാണ് സഹകരണക്കരാർ ലക്ഷ്യമിടുന്നത്.
രാജ്യത്തെ പ്രകൃതിവിഭവങ്ങളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഉൾക്കൊള്ളുന്ന കരാർ അഞ്ചുവർഷത്തേക്കാണ്. ഊർജസംവിധാനങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് ടി.ഐ.ഐ.യുടെ ഡയറക്റ്റഡ് എനർജി റിസർച്ച് സെന്റർ (ഡി.ഇ.ആർ.സി.) സുപ്രധാന പങ്കുവഹിക്കും. ടി.ഐ.ഐ.യുടെ വൈദ്യഗ്ധ്യം പ്രയോജനപ്പെടുത്തിക്കൊണ്ട് സുസ്ഥിര ഊർജപരിഹാരങ്ങൾ കണ്ടെത്താൻ പുതിയകരാർ മന്ത്രാലയത്തെ സഹായിക്കും.