കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ധ്യാനം ആരംഭിച്ചു. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലാണ് മോദിയുടെ ധ്യാനം. ദേവീ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷമാണ് മോദി വിവേകാനന്ദ പാറയിലേക്ക് എത്തിയത്. വെള്ള വസ്ത്രങ്ങൾ ധരിച്ചു വിവേകാനന്ദ സ്മാരകത്തിലേക്ക് നടന്നു കയറിയ നരേന്ദ്രമോദി ശനിയാഴ്ച വൈകുന്നേരം വരെ ധ്യാനം ആയിരിക്കും.
പഞ്ചാബിലെ ലുധിയാനയിൽ നിന്ന് വിമാനമാർഗം തിരുവനന്തപുരത്തും അവിടുന്ന് ഹെലികോപ്റ്റർ മാർഗ്ഗവുമാണ് മോദി കന്യാകുമാരിയിൽ എത്തിയത്. പ്രധാനമന്ത്രിയുടെ വരവോടെ കന്യാകുമാരിയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് പ്രധാനമന്ത്രി കന്യാകുമാരിയിൽ എത്തിയത്.
നിശ്ചയിച്ചതിലും അരമണിക്കൂറിലധികം വൈകിയായിരുന്നു യാത്ര. സർക്കാർ ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം, ആറുമണിയോടെ കന്യാകുമാരി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രം ഭാരവാഹികൾ ദേവിയുടെ ചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. അവിടെ നിന്ന് നേരെ ബോട്ടുജെട്ടിയിൽ എത്തിയ അദ്ദേഹം സുരക്ഷാ വലയത്തിൽ വിവേകാനന്ദപ്പാറയിലേക്ക് യാത്ര തിരിച്ചു. വെള്ള വസ്ത്രം ധരിച്ചാണ് മണ്ഡപത്തിലേക്ക് പ്രധാനമന്ത്രി എത്തിയത്. വിവേകാനന്ദ പ്രതിമയിൽ ആദരം അര്‍പ്പിച്ചു.
രണ്ടു ദിവസമായി ആകെ 45 മണിക്കൂർ നേരമാണ് വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി ധ്യാനത്തിലിരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്നലെ മുതൽ കന്യാകുമാരിയിൽ കനത്ത സുരക്ഷയുണ്ട്. വിവേകാനന്ദപ്പാറയിലേക്ക് മറ്റന്നാൾ വരെ സഞ്ചാരികൾക്ക് പ്രവേശനമില്ല. ദേവീക്ഷേത്രത്തിലും ഇന്ന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം തീരുന്ന ദിവസമാണിന്ന്. ജൂൺ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 2014ലെയും 2019ലെയും ലോക്സഭാ തിരഞ്ഞെടുപ്പു കാലയളവുകളിലും നരേന്ദ്രമോദി സമാനമായ രീതിയിൽ പ്രചാരണത്തിനുശേഷം രണ്ടുദിവസത്തോളം ധ്യാനം നടത്തിയിരുന്നു. രണ്ട് തവണയും ഉത്തരാഖണ്ഡിൽ ആയിരുന്നു ധ്യാനം.