കോഴിക്കോട്: വടകരയിലെ കാഫിർ പ്രയോഗത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മുൻ എംഎൽഎ കെ കെ ലതികയുടെ മൊഴി രേഖപ്പെടുത്തി. വടകര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ലതികയുടെ മൊഴി രേഖപ്പെടുത്തിയത്. കാഫിർ പ്രയോഗമുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് ലതിക ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കെകെ ലതികയുടെ വീട്ടിലെത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ വോട്ടെടുപ്പിന്റെ തലേ ദിവസമാണ് വിവാദ വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു സന്ദേശം.
വടകരയിൽ വർഗീയ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരിൽ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്. മുഹമ്മദ് കാസിം എന്നയാളുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ചു. ഇത് സ്‌ക്രീൻ ഷോട്ട് എടുത്തശേഷം അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്തു.
ഇത് വ്യാജമാണെന്ന് അറിഞ്ഞതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ, സ്‌ക്രീൻ ഷോട്ട് പിന്നീടും വ്യാപകമായി പ്രചരിപ്പിച്ചു. കുറ്റ്യാടി മുൻ എം.എൽ.എ കെ.കെ ലതിക സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഈ സ്‌ക്രീൻ ഷോട്ട് ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്തുവെന്നാണ് ആരോപണം.
‘കാഫിർ’ സ്‌ക്രീൻഷോട്ടിൽ അന്വേഷണം ആവശ്യപ്പെട്ട്. യൂത്ത് ലീഗ് പ്രവർത്തകനായ പി.കെ മുഹമ്മദ് കാസിമും ഡിജിപിക്ക് പരാതി നൽകിയിരുന്നു.