വൈത്തിരി: ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നും നാലു പേർക്ക് വിഷബാധയേറ്റു. ഇവരിൽ 11 വയസ്സായ ബാലിക സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ്.
വെള്ളന്നൂർ സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവർ ഇന്ന് ഉച്ചക്ക് വയനാട് വൈത്തിരിയിലുള്ള ബാംബൂ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് ഇവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. എല്ലാവരും അമ്പലവയലിൽ സ്വകാര്യ ആശുപത്രിയിൽ ചകിത്സ തേടി. തുടർന്ന് മൂന്നു പേരെയും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിലേക്കു മാറ്റി. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
കഴിഞ്ഞ ദിവസം തൃശൂർ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചിരുന്നു. പൊന്മാനിക്കുടം സ്വദേശി ഉസൈബ ( 56)ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പെരിഞ്ഞനത്തെ സ്വകാര്യ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ നൂറിലധികം പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയിരുന്നു.