തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ പ്രതികളാക്കി ആദ്യ കുറ്റപത്രം. രണ്ടു വർഷത്തിനുശേഷം ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച കോടതി ജൂൺ 13ന് ഹാജരാകാൻ പ്രതികൾക്ക് സമൻസ് അയച്ചു.
യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് കണ്ണൻ എന്ന ജിതിൻ ഒന്നാം പ്രതിയും ചിന്നു എന്ന നവ്യ മൂന്നാം പ്രതിയുമാണ്. മറ്റ് പ്രതികൾ ഒളിവിലാണെന്നു കുറ്റപത്രത്തിൽ പറയുന്നു. തീവയ്പ്, ഗുഢാലോചന എന്നീ കുറ്റങ്ങളും സ്ഫോടക വസ്തു നിയമത്തിലെ വകുപ്പുകളാണ് കുറ്റപത്രത്തിലുള്ളത്. 93 സാക്ഷികൾ ഉണ്ട്.
മൂന്നാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് കേസ് പരിഗണിക്കുന്നത്.
സംഭവത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി സുഹൈൽ ഷാജഹാനും ഇയാളുടെ ഡ്രൈവറും നാലാം പ്രതിയുമായ സുധീഷും ഒളിവിലാണ്. ഇരുവരും വിദേശത്തേക്ക് കടന്നെന്നാണ് സൂചന.
2022 ജൂണ്‍ 13ന് കെപിസിസി ഓഫീസ് ആക്രമിച്ചതിലും ജൂണ്‍ 23നു രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ചതിലുമുള്ള പ്രതികാരമായി എകെജി സെന്ററിനു നേരെ ബോംബ് എറിഞ്ഞു എന്നാണു കുറ്റപത്രത്തിൽ പറയുന്നത്.