ബെംഗളൂരു : ലൈംഗിക പീഡനക്കേസുകളില്‍ ഹാസന് എം.പി. പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍. ജര്‍മനിയിലെ മ്യൂനിക്കില്‍ നിന്നു പുലര്‍ച്ചെ ബെംഗളുരു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ പോയിന്റിലെത്തിയ പ്രജ്വലിനെ സി.ഐ.എസ്.എഫ് തടയുകയായിരുന്നു. തൊട്ടുപിന്നാലെ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രജ്വല്‍ രേവണ്ണയെ ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കും. വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം പ്രജ്വലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
ബെംഗളൂരു വിമാനത്താവളത്തില്‍ വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പോലീസിന്റെ നീക്കം. ഇതിനിടെ കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
നേരത്തേ തന്നെ പോലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ വാറന്റും നിലവിലുണ്ട്. അതിനാല്‍ പ്രജ്വല്‍ രേവണ്ണ വിമാനത്താവളത്തില്‍ ഇറങ്ങിയാലുടന്‍ തന്നെ അറസ്റ്റിലാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങളും അന്വേഷണസംഘം ഒരുക്കി. ഒരു മാസത്തെ ഒളിവിനു ശേഷമാണ് പ്രജ്വല്‍ തിരിച്ചെത്തുന്നത്.
മെഡിക്കല്‍ പരിശോധനകളടക്കം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. കര്‍ണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയായ പ്രജ്വലിനെതിരെ നിലവില്‍ രണ്ടു ലൈംഗിക അതിക്രമ കേസുകളാണുള്ളത്.
മെയ് 31-ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്ന് അറിയിച്ചുകൊണ്ട് ഇറക്കിയ വീഡിയോ സന്ദേശത്തില്‍ പ്രജ്വല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജര്‍മ്മനിയില്‍നിന്ന് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ഇതിനുമുമ്പ് രണ്ടു തവണ റദ്ദാക്കിയതായും വിവരമുണ്ട്.