കല്പറ്റ : കുവൈത്തിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം. കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ ഭാര്യ അജിത വിജയൻ(50) ആണ് ജോലിചെയ്തിരുന്ന വീട്ടിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അജിത ജീവനൊടുക്കിയതല്ല, കുവൈത്തി വനിതയോ അവരുടെ കുടുംബമോ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നാണ് വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
അജിതയ്ക്ക് സ്പോൺസറായ അറബിവനിതയിൽനിന്ന് ക്രൂരമായ പീഡനമേറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടെന്നാണ് ഭർത്താവ് വിജയനും മക്കളും പറയുന്നത്. ഭക്ഷണംപോലും നൽകാറുണ്ടായിരുന്നില്ല. പലപ്പോഴും പൈപ്പുവെള്ളം കുടിച്ചാണ് വിശപ്പകറ്റിയിരുന്നത്. ചവിട്ടിത്താഴെയിടാറുണ്ടായിരുന്നു. ഒരുതവണ മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ പൂട്ടിയിട്ടു. വീട്ടുടമയുടെ മർദനമേറ്റ് താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. മരണശേഷമാണ് തങ്ങൾ ഇതെല്ലാം അറിയുന്നത്. ഒപ്പം കുവൈത്തിലേക്കുപോയ മറ്റൊരു സ്ത്രീയോട് പ്രശ്നങ്ങളെല്ലാം അജിത പറഞ്ഞിരുന്നു. അവരാണ് തങ്ങളോട് മരണശേഷം ഈ വിവരങ്ങൾ പറയുന്നത്.
കൊടിയമർദനം കാരണം ആ വീട്ടിലെ ജോലിയിൽനിന്ന് മാറ്റിത്തരണമെന്ന് കുവൈത്തിലേക്ക് കൊണ്ടുപോയ ഏജൻസിേയാട് അജിത ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അവർ വീട്ടുടമയുടെ മകളുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. ഏജൻസി കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ തങ്ങൾക്ക് അമ്മയെ നഷ്ടമാവുമായിരുന്നില്ലെന്ന് മക്കളായ മിഥുഷയും പ്രത്യുഷും പറയുന്നു.